ചെന്നൈ: സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും തനിക്ക് അവകാശമുള്ള വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും നടന്‍ പ്രഭു. സഹോദരന്‍ നിരവധി ആളുകളില്‍ നിന്ന് പണം കടം വാങ്ങിയതിനാല്‍ അതിന്റെ ഭാരം വഹിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും പ്രഭു കോടതിയില്‍ വ്യക്തമാക്കി.
സഹോദരന്‍ രാംകുമാറിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട് പിതാവ് ശിവാജി ഗണേശന്‍ ടി നഗറില്‍ നിര്‍മിച്ച ബംഗ്ലാവിന്റെ ഒരു ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെതിരേ പ്രഭുവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രഭുവിന്റെ മൂത്ത സഹോദരന്‍ രാംകുമാര്‍, മകന്‍ ദുഷ്യന്ത് രാംകുമാര്‍, മരുമകള്‍ അഭിരാമി ദുഷ്യന്ത് എന്നിവരുടെ വായ്പ തിരിച്ചടവ് വീഴ്ചയുമായി ബന്ധപ്പെട്ട് ടി നഗറില്‍ ബംഗ്ലാവിന്റെ ഒരു ഭാഗം കണ്ടുകെട്ടാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 10-ന് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസാണ് ബംഗ്ലാവും പ്ലോട്ടും അറ്റാച്ച് ചെയ്യാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിട്ടത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രഭു കോടതിയെ സമീപിച്ചത്.
രാംകുമാറിന് ബംഗ്ലാവില്‍ ഓഹരിയില്ലെന്നും പ്രഭു മാത്രമാണ് ഏക ഉടമയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രഭു ഒരിക്കലും ആരില്‍ നിന്നും പണം കടം വാങ്ങിയിട്ടില്ല. 150 കോടി രൂപ വിലമതിക്കുന്ന സ്വത്ത് 3.5 കോടി രൂപയുടെ വായ്പ തുകയ്ക്ക് കണ്ടുകെട്ടാനാണ് ഉത്തരവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
രാംകുമാര്‍ സഹോദരനല്ലേയെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറില്‍നിന്നു തുക തിരിച്ചു വാങ്ങിക്കൂടേയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് പ്രഭുവിനോടു ചോദിച്ചു. എന്നാല്‍ രാംകുമാര്‍ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നല്‍കി. കേസ് ഏപ്രില്‍ ഏഴിലേക്ക് മാറ്റി.