വെള്ളിത്തിരയിലും ജീവിതത്തിലും സാധാരണക്കാരന്‍

സിനിമയ്ക്കും സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ഒരു സിനിമാക്കാരന് വേറെയും സാധ്യതകളും കര്‍മ്മമണ്ഡലങ്ങളുമുണ്ടാകാമെന്ന് സിനിമാതേതര ജീവിതത്തിലൂടെ ശ്രീനിവാസന്‍ മലയാളിയ്ക്ക് കാണിച്ചുതന്നു

author-image
Biju
New Update
SREENI 5

കൊച്ചി: മലയാളിയുടെ പൊതുജീവിതത്തെ ശ്രീനിവാസനോളം ആഴത്തില്‍ സ്വാധീനിച്ച ഒരു സിനിമാപ്രവര്‍ത്തകന്‍ ഇക്കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്രയേറെയാണ് മലയാളികളില്‍ ശ്രീനിവാസന്റെ ചിന്തകള്‍ ചെലുത്തിയ സ്വാധീനം. മലയാളിയ്ക്ക് ശ്രീനിവാസന്‍ വെറുമൊരു സിനിമാക്കാരനല്ല.  അവരുടെ ആധികളും സന്തോഷങ്ങളും അതിജീവനങ്ങളും ചൂണ്ടി കാണിച്ചു കൊടുക്കുന്ന ഒരു വേറിട്ട സാന്നിധ്യമാവുകയായിരുന്നു ശ്രീനിവാസന്‍. വളരെ ലളിതമായി തന്റെ കാഴ്ചപ്പാടുകളും ജീവിതത്തിലെ നര്‍മ്മവുമെല്ലാം ഒരല്‍പ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന്‍ സിനിമകളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ചിന്തയുടെയും ചിരിയുടെയും പുതിയ ലോകങ്ങളിലേക്ക് കൂടിയാണ് മലയാളികളുടെ കൈപ്പിടിച്ചത്. 

ശ്രീനിവാസന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും സിനിമകളുമെല്ലാം  കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളെ കുറിച്ചാണ്  സംസാരിച്ചത്.  സാമൂഹിക പ്രശ്‌നങ്ങള്‍ക്കു നേരെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളെറിഞ്ഞ് ഒരേ സമയം പ്രേക്ഷകരുടെ മനസ്സില്‍ ചിരിയും ചിന്തയും ഉണര്‍ത്താന്‍ ശ്രീനിവാസനു കഴിഞ്ഞു.  

ദീര്‍ഘവീക്ഷണത്തോടെയും സൂക്ഷ്മതയോടെയുമുള്ള ശ്രീനിവാസന്റെ ചില നിരീക്ഷണങ്ങള്‍ അയാളുടെ സിനിമകളെ കാലാതിവര്‍ത്തികളാക്കി മാറ്റി. വര്‍ഷങ്ങള്‍ കഴിയുമ്പോഴും പ്രസ്‌ക്തിയേറുന്ന  സാമൂഹിക വിഷയങ്ങളാണ് ശ്രീനിവാസന്‍ സിനിമകളില്‍ നമ്മള്‍ കണ്ടത്. സന്ദേശം പോലുള്ള ചിത്രങ്ങളൊക്കെ മുന്നോട്ടുവെച്ച ചിന്തകള്‍ ഇപ്പോഴും പ്രസക്തമാകാന്‍ കാരണം, തന്റെ ചുറ്റുപാടുകളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ശ്രീനിവാസന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടു കൂടിയാണ്. 

മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രജനീകാന്തിന്റെ സഹപാഠിയായി അഭിനയത്തില്‍ ഡിപ്ലോമയെടുത്ത് പുറത്തിറങ്ങിയ ശ്രീനിവാസന്‍ എന്ന ചെറുപ്പക്കാരന്‍  1977 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.   അധികം വൈകാതെ തന്നെ തന്റെ സ്‌കില്‍ എഴുത്തിലാണെന്ന് തിരിച്ചറിഞ്ഞ ശ്രീനി 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്ക് കടന്നു. 

എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്ന, പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന നിരവധിയേറെ ചിത്രങ്ങളാണ് ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക് സംഭാവന നല്‍കിയത്. സര്‍ഗാസവും നര്‍മ്മവും യാഥാര്‍ത്ഥ്യവും മനുഷ്യരുടെ കണ്ണീരും സന്തോഷങ്ങളുമെല്ലാം പോര്‍ട്രെ ചെയ്യപ്പെട്ട ആ തിരക്കഥകള്‍ മലയാളികളുടെ ഭാവുകത്വത്തിന് പുതിയ മാനം സമ്മാനിച്ചവയായിരുന്നു.  

ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോള്‍, മഴയെത്തും മുന്‍പെ, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, വരവേല്‍പ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട് , അഴകിയ രാവണന്‍ എന്നു തുടങ്ങി ഞാന്‍ പ്രകാശന്‍ വരെയുള്ള ചിത്രങ്ങളെല്ലാം തന്നെ അതിഭാവുകത്വമില്ലാതെയാണ് സാധാരണക്കാരായ പ്രേക്ഷകരോട് സംവദിച്ചത്. 

എഴുത്തിനൊപ്പം തന്നെ അഭിനയത്തിലും തന്റേതായൊരു സ്‌റ്റൈല്‍ ശ്രീനിവാസന്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. നായകനും പ്രതിനായകനുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന സിനിമകളിലും വളരെ ചെറിയ വേഷങ്ങളില്‍ പോലും വന്ന് ശ്രീനിവാസന്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തി മലയാളികളുടെ കയ്യടി നേടിയെടുത്തു. ഒപ്പം നായകനായും വില്ലനായും സഹനടനായുമൊക്കെ വെള്ളിത്തിരയില്‍ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടുകയും ചെയ്തു.  

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആക്ഷേപഹാസ്യത്തോടെ കളിയാക്കുകയും ചെയ്ത അതേ കണ്ണുകളാല്‍ തന്നെ താനെന്ന വ്യക്തിയേയും നോക്കി കണ്ടു എന്നതാണ് ശ്രീനിവാസന്‍ എന്ന വ്യക്തിയുടെ മറ്റൊരു സവിശേഷത. സ്വയം വിമര്‍ശിക്കാനും തന്നെ തന്നെ കളിയാക്കി ചിരിക്കാനും ശ്രീനിവാസന്‍ ഒരിക്കലും മടിച്ചില്ല. ഒരു  ചിരിയ്ക്കുള്ള മരുന്ന് എപ്പോഴും തന്റെ സംസാരത്തില്‍ ശ്രീനിവാസന്‍ ഒളിച്ചുവെച്ചിരുന്നു. മലയാളസിനിമയ്ക്ക് താന്‍ നല്‍കിയ സംഭാവന എന്താണെന്ന ചോദ്യത്തിന്, നല്ലതല്ലെന്ന കാരണത്താല്‍ താന്‍ വേണ്ടെന്നു വെച്ച അഞ്ഞൂറോളം സിനിമകളാണ് തന്റെ സംഭാവനയെന്ന് ചിരിയോടെ അയാള്‍ ഉത്തരമേകി. 

സിനിമയ്ക്കും സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ഒരു സിനിമാക്കാരന് വേറെയും സാധ്യതകളും കര്‍മ്മമണ്ഡലങ്ങളുമുണ്ടാകാമെന്ന് സിനിമാതേതര ജീവിതത്തിലൂടെ ശ്രീനിവാസന്‍ മലയാളിയ്ക്ക് കാണിച്ചുതന്നു. പതിവു നടപ്പുവഴികളില്‍ നിന്നെല്ലാം മാറി സഞ്ചരിക്കുകയായിരുന്നു ശ്രീനിവാസന്‍ എപ്പോഴും. 

സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ പലതിലും സജീവമായി ഇടപ്പെട്ട ശ്രീനിവാസന്‍ തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടിച്ചില്ല. ആ തുറന്നുപറച്ചിലുകള്‍ വഴി ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന കംഫര്‍ട്ട് സോണുകളെ കുറിച്ചൊന്നും ശ്രീനിവാസന്‍ ആശങ്കപ്പെട്ടില്ല. നിലപാടുകളിലെ  ഉറപ്പോടെ തന്നെ തനിക്ക് പറയാനുള്ളത് ശ്രീനിവാസന്‍ പറഞ്ഞു കൊണ്ടിരുന്നു. 

ഇടയ്‌ക്കെപ്പഴോ സിനിമയില്‍ നിന്നു പോലും മാറി നടക്കാന്‍ തുടങ്ങിയൊരു ശ്രീനിവാസനെയാണ് മലയാളി പിന്നെ കണ്ടത്. ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ജീവനശൈലിയിലേക്കും ശ്രീനിവാസന്‍ കടന്നു ചെന്നു. സ്വന്തമായി  കൃഷി ചെയ്തും അതില്‍ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസന്‍ കണ്ടെത്തുകയായിരുന്നു.  ശ്രീനിവാസന്‍ കണ്ട സ്വപ്നമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടനാട് പാടശേഖരത്തില്‍ പൊന്നുവിളയിക്കുന്നത്.