/kalakaumudi/media/media_files/2025/10/21/vishnu-2025-10-21-14-05-13.jpg)
ബാലനടനായി സിനിമയിലെത്തുകയും പിന്നീട് തിരക്കഥാകൃത്താവുകയും 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ നായക നടനായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടുകയും ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിനിമയില്‍ സജീവമായി തുടരുന്നതിനിടെ ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഷ്ണു.
ജീവതത്തിലേക്ക് രണ്ടു പുതിയ അതിഥികള്‍ കൂടി എത്തിയെന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കുവച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നുവെന്ന് വിഷ്ണു ആരാധകരെ അറിയിച്ചത്.
'ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്‌നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു' എന്ന കുറിപ്പോടെ കുട്ടികളുടെ കിഞ്ഞിക്കാലുകളുടെ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ശിവദ, മോക്ഷ, ദര്‍മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട്, ഉണ്ണിമായ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേര്‍ന്ന് പോസ്റ്റില്‍ കമന്റുമായെത്തിയിട്ടുണ്ട്.
2020 ഫെബ്രുവരിയില്‍ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയന്‍ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്‌റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ഭീഷ്മര്‍ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.