മെല്‍ബണ്‍: സൂത്രവാക്യം സിനിമ സെറ്റില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്ന് പുതുമുഖ നടി അപര്‍ണ്ണ ജോസ്. ഇതേ സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവം നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ വിന്‍സി പറഞ്ഞതിനെ സ്ഥിതീകരിച്ച് അതേ സിനിമയിലെ മറ്റൊരു താരം കൂടി രംഗത്തെത്തിയിരുക്കുന്നത്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്നും അപര്‍ണ്ണ പറയുന്നു.
അപര്‍ണ്ണ ജോസ് പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
''സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി.
ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു. അപ്പോള്‍ തന്നെ സിനിമയുടെ ക്രൂ കൃത്യമായി ഇടപെടുകയും വളരെ പെട്ടെന്ന് എന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തരികയുമാണ് ചെയ്തത്.
താനും കൂടെ ഇരിക്കുമ്പോഴാണ് അന്ന് വെള്ളപ്പൊടി തുപ്പിയത്. അത് എന്താണെന്നൊന്നും ആധികാരികമായി എനിക്ക് പറയാന്‍ കഴിയില്ല. അത് ഗ്ലൂക്കോസാകാം. മറ്റെന്തുമാകാം. മയക്കുമരുന്നാണെന്നൊന്നും പറയാന്‍ കഴിയില്ല.
ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ടാണ് നിയമപരമായി മുന്നോട്ടു പോകാന്‍ പറ്റാത്തത്. അല്ലെങ്കില്‍ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമായിരുന്നു.''