/kalakaumudi/media/media_files/2025/09/08/navya-2025-09-08-10-05-02.jpg)
മല്ലപ്പൂ കൈവശം വെച്ചതിന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ ലഭിച്ചതായി കഴിഞ്ഞ ദിവസം നടി നവ്യാ നായര്‍ വെളിപ്പെടുത്തിയിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
സോഷ്യല്‍ മീഡിയയിലടക്കം ഇത് വൈറലായിരുന്നു. ഇപ്പോഴിതാ, പിഴയീടാക്കുന്നതിനു മുന്‍പ് വിമാനത്താവളത്തില്‍ നിന്നു പകര്‍ത്തിയ റീല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നവ്യ. 'ഫൈന്‍ അടിക്കുന്നേന് തൊട്ടു മുന്നേ ഉള്ള പ്രഹസനം' എന്ന ക്യാപ്ഷനോടെയാണ് നടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വന്‍ റീച്ചാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് താരം വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവച്ചത്. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയതെന്നും തനിക്ക് ഓസ്ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
തെറ്റു തന്നെയാണ് ഉണ്ടായതെന്നും 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ ജൈവ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തില്‍ നിന്ന് പിഴ ചുമത്തിയത്. ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളും രോഗങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളിലൂടെയും പൂക്കളിലൂടെയുമെല്ലാം രാജ്യത്തേക്ക് എത്തുമെന്നതിനാലാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നത്.