/kalakaumudi/media/media_files/FYPusXciwpWnXZLw88sV.jpeg)
സിനിമയിലെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുമ്പോൾ രസകരമായ ഓർമകളാണ് മലയാളികളുടെ പ്രിയ നടി സംഗീതയ്ക്ക് . ഓർമയിൽ ചിന്താവിഷ്ടയായ ശ്യാമളയിലെ കഥാപാത്രമാണ് ഏവർക്കും ഏറെ പ്രിയം. സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത ഓടിക്കൊണ്ടേയിരുന്നു.
എന്നാൽ, ഒൻപത് വർഷം മുൻപ് ഒരേ ഒരാൾക്കു മാത്രമാണ് അതിനു കഴിഞ്ഞത് ശ്രീനിവാസന്. നമ്പർ തപ്പിയെടുത്തു ശ്രീനിവാസൻ സംഗീതയെ വിളിക്കുന്നു. കോൾ കണ്ടപ്പോഴേ ഉറപ്പിച്ചു, അഭിനയിക്കണമെന്നു പറയാനാണു വിളിക്കുന്നത്. എന്തെങ്കിലും തിരക്കു പറഞ്ഞു മുങ്ങണം. മകളുടെ പഠനത്തെക്കുറിച്ചു പറയാം. സംഗീത ഫോൺ എടുത്തു.
യാദൃശ്ചികമായി ശ്രീനിവാസന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. ‘‘സംഗീത മഹാത്മാഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ’’ഉണ്ടെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. ‘‘അദ്ദേഹം അനുഭവിച്ച ത്യാഗം എത്രയാണെന്ന് അറിയില്ലേ? അത്രയൊന്നും സംഗീത സിനിമയ്ക്കു വേണ്ടി ചെയ്യേണ്ട. എനിക്കു വേണ്ടി മാത്രം ഒരു സിനിമയിൽ അഭിനയിക്കണം.’പൊട്ടിച്ചിരിയോടെ സംഗീത പറയുന്നു,‘‘ .
'പറ്റില്ല' എന്നു പറയാനിരുന്ന എനിക്ക് യെസ് പറഞ്ഞു വയ്ക്കേണ്ടി വന്നു. അതായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ. അതെന്റെ തിരിച്ചു വരവായിരുന്നില്ല, ശ്രീനി സാർ വിളിച്ചതുകൊണ്ടു മാത്രം അഭിനയിച്ചു. അത് കഴിഞ്ഞ് പിന്നെയും മടങ്ങി പോയി.
പക്ഷേ, ഈ വരവിൽ എന്റെ ഭാഗത്തു നിന്ന് ഇടവേളകൾ ഉണ്ടാവില്ല. മടങ്ങി വരവു ചാവേറിലൂടെ. പക്ഷേ വളരെ ചെറിയ റോൾ. ‘ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രത്തിന് എന്റെ മനസ്സിൽ ചേച്ചിയുടെ മുഖമാണ്. ’ ഇതായിരുന്നു സംവിധായകൻ ടിനു പാപ്പച്ചൻ ആദ്യം പറഞ്ഞത്. ഒരു വർഷമായിട്ട് സിനിമയിലേക്കു തിരിച്ചു വന്നാലോ എന്ന ആലോചന ഉണ്ടായിരുന്നു.
ആ ഫോൺകോളിനു ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചു വരാം. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പമല്ല, ഈ പ്രൊജക്ടാണ് എന്നെ ആകർഷിച്ചത്.പിന്നെ, ജോയ് സാറിന്റെയാണല്ലോ(ജോയ് മാത്യ) തിരക്കഥ. അതിലും വാല്യു കണ്ടു. വർഷങ്ങൾക്കു മുന്നേ അങ്കിൾ സിനിമയിൽ മമ്മൂട്ടിസാറിനൊപ്പം അഭിനയിക്കാൻ അദ്ദേഹം വിളിച്ചതാണ്.
ചാവേറിനു ശേഷം ഇപ്പോൾ അർജുൻ രമേഷ് സംവിധാനം ചെയ്യുന്ന പരാക്രമം എന്ന സിനിമയിൽ അഭിനയിക്കുന്നു. മാറി നിന്ന കാലത്തും മലയാള സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു. നായാട്ടും ഉയരെയും പ്രേമവുമൊക്കെ ആവർത്തിച്ചു കണ്ട സിനിമകളാണ്.