/kalakaumudi/media/media_files/2025/08/15/s4-2025-08-15-16-26-10.jpg)
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ശ്വേത മേനോന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തില്ലെന്നാണ് വിവരം. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു.
ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങള്‍ക്കാണ് 'അമ്മ'യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ തന്നെ ഒരു സംഘം വനിതകള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊതു പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ സംയമനത്തോടെയായിരുന്നു കുക്കുവിന്റെ ഇടപെടല്‍. എന്തായാലും, ഈ വിജയത്തോടെ സംഘടനയിലെ തന്റെ വിശ്വാസ്യത കൂടി തെളിയിക്കുകയാണ് കുക്കു.
ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. ട്രഷററായി ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.