അപൂർവ്വ നേട്ടം! ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ 'പെരിയോനേ'

ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിം വിഭാ​ഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്.

author-image
Vishnupriya
New Update
Aadujeevitham

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തിലെ ​പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നെങ്കിലും ജിതിൻ രാജ് ആലപിച്ച പെരിയോനേ എന്ന ​ഗാനത്തിനോട് പലർക്കും ഒരിഷ്ടക്കൂടുതലുണ്ട്. എ. ആർ.റഹ്മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു ആടുജീവിതം.  മലയാളത്തിലെ ഒരു​ഗാനത്തിനും എത്താൻ കഴിയാതിരുന്ന ഒരു നേട്ടത്തിനരികെ എത്തിയിരിക്കുകയാണ് ഇപ്പോൾ ഈ ​ഗാനം.

ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ പെരിയോനേയും ഇടംപിടിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിം വിഭാ​ഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്. എ.ആർ.റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ​ഗാനം രചിച്ചിരിക്കുന്നത്. ​നിലവിൽ ആടുജീവിതം ഓസ്കറിൽ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകൻ ബ്ലെസി.

ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ​ഗാന വിഭാ​ഗത്തിലെ മറ്റുചിത്രങ്ങൾ. ഇതിൽ എമിലിയ പേരെസിലെ രണ്ട് ​ഗാനങ്ങൾക്ക് നാമനിർദേശം ലഭിച്ചിട്ടുണ്ട്.

ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ​ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിനെത്തും.

periyoone HMMA aadujeevitham ar rahman