/kalakaumudi/media/media_files/2025/02/12/UiLxZbICYzQyFfhGKEzo.jpg)
Robin Radhakrishnan
തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് അകത്തും പുറത്തും റോബിന്‍ ഒരുപോലെ വൈറലായി. പിന്നീട് ഉദ്ഘാടന വേദികളിലും തിളങ്ങുന്ന കാരമായി. ഒരിക്കല്‍ റോബിന്റെ അഭിമുഖം എടുക്കാന്‍ അപ്രതീക്ഷിതമായി എത്തിയ അവതാരകയും യുവ സംരംഭകയുമായ ആരതി പൊടിയുമായുള്ള പ്രണയം ഇപ്പോള്‍ വിവാഹത്തിലേക്ക് അടുക്കുകയാണ്. ഈ മാസം 16 ന് ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹല്‍ദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ആരതിയും റോബിനും ആഘോഷത്തുടക്കത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. കല്യാണച്ചടങ്ങുകളും ആഘോഷങ്ങളും തനിക്കു തന്നെ സര്‍പ്രൈസ് ആണെന്നും അതൊക്കെ പ്ലാന്‍ ചെയ്യുന്നത് മറ്റുള്ളവരാണെന്നും റോബിന്‍ പറഞ്ഞു.
രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണാണ് തങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നും റോബിന്‍ മുന്‍പ് പറഞ്ഞിരുന്നു. 27 ല്‍ അധികം രാജ്യങ്ങളിലേക്കുള്ള യാത്രയായിരിക്കുമെന്നാണ് താരം അറിയിച്ചത്. ഓരോ രാജ്യങ്ങളിലും സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചുവരും, പിന്നീട് ഒന്ന് രണ്ട് മാസങ്ങള്‍ക്കകം അടുത്ത രാജ്യം എന്ന രീതിയിലായിരിക്കും യാത്രകള്‍. ആദ്യം പോകുന്നത് അസര്‍ബൈജാനില്‍ ആയിരിക്കുമെന്നും റോബിന്‍ പറഞ്ഞിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഫെബ്രുവരിയില്‍ ആയിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്നുമുതല്‍ ഇരുവരുടെയും വിവാഹം എന്നാകും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ അഭിമുഖം ചെയ്തവരില്‍ ഒരാളായിരുന്നു ആരതി പൊടി. ആ ടോക്ക് ഷോയില്‍ വെച്ചാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. അവിടെ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. പൊടീസ് എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്‍ഡും ആരതിക്കുണ്ട്.