സോഷ്യല്‍ എക്‌സ്‌പെരിമെന്റല്‍ - സര്‍വൈവല്‍ ഗെയിമായി ബിഗ് ബോസ്

വിനോദത്തിനുള്ള ഒരു ഷോ എന്നതിനപ്പുറം, ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട് ബിഗ് ബോസ്. കുടുംബങ്ങളിലും ഓഫീസുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇന്ന് ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചയാവുന്നു.

author-image
Biju
New Update
big

ബിഗ് ബോസ് കേവലം ഒരു റിയാലിറ്റി ഷോ മാത്രമല്ല, അതിനപ്പുറം ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റല്‍- സര്‍വൈവല്‍ ഗെയിം കൂടിയാണ്. വ്യത്യസ്ത നിലപാടുകളും വിശ്വാസങ്ങളുമുള്ള, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ അവരുടെ നിലപാടുകളോടെ തന്നെ ആ ഷോയില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ബിഗ് ബോസിനെ പ്രസക്തമാക്കുന്നത്. 

ലോകപ്രശസ്തമായ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. 1999-ല്‍ നെതര്‍ലാന്‍ഡ്‌സില്‍ ആരംഭിച്ച ആ ഷോയ്ക്ക് ഇന്ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലും മലയാളത്തിലുമെല്ലാം പതിപ്പുകളുണ്ട്. 100 ദിവസം അപരിചിതരായ മനുഷ്യര്‍ക്കൊപ്പം പുറംലോകവുമായി ബന്ധമില്ലാതെ, എന്തിന് സമയബോധം പോലുമില്ലാതെ ജീവിക്കേണ്ടി വരുന്നു.  അതിനിടയില്‍ സംഭവിക്കുനന സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍/ ഒറ്റപ്പെടുത്തല്‍, മത്സരവീര്യം, തര്‍ക്കങ്ങള്‍ എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ഓരോരുത്തരും എങ്ങനെ പെരുമാറും ആ മനുഷ്യാവസ്ഥയെ ആണ് ഒരു കണ്ണാടിയിലെന്ന പോല്‍ ബിഗ് ബോസ് പ്രതിഫലിപ്പിക്കുന്നത്, തീര്‍ച്ചയായും അതിനൊരു എന്റര്‍ടെയിന്‍മെന്റ് വാല്യൂ ഉണ്ടുതാനും. 

വിനോദത്തിനുള്ള ഒരു ഷോ എന്നതിനപ്പുറം, ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട് ബിഗ് ബോസ്.  കുടുംബങ്ങളിലും ഓഫീസുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇന്ന് ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചയാവുന്നു. സ്ത്രീപുരുഷ സമത്വം, LGBTQ+ അവകാശങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള പൊതുചര്‍ച്ചകള്‍ക്ക് ഈ ഷോ വഴി തെളിച്ചിട്ടുണ്ട്.

ആ ഒരു സാഹചര്യത്തില്‍ തന്നെയാണ്, 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ,' എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ പ്രസക്തമാവുന്നതും.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്, ലെസ്ബിയന്‍ കപ്പിള്‍ മത്സരിക്കാന്‍ എത്തിയത്. ആദിലയും നൂറയും.  ബിഗ് ബോസ് വരെ എത്തിയ ഇരുവരുടെയും യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പ്രണയത്തിനായി ലോകത്തോട് മുഴുവന്‍ യുദ്ധം ചെയ്യേണ്ടി വന്നവരാണ് അവര്‍. ആ യുദ്ധത്തിനിടയില്‍ അച്ഛനമ്മമാരും വീടും കുടുംബവുമെല്ലാം  ഇരുവരെയും കൈവിട്ടു. ഒടുവില്‍ ഒരുപാട് പീഡനങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലില്‍ അവര്‍ ഒരുമിച്ച് ജീവിതം തുടങ്ങുകയായിരുന്നു. 'വീ ആര്‍ ലെസ്ബിയന്‍ കപ്പിള്‍' എന്ന് നെഞ്ചുറപ്പോടെ പറയുമ്പോഴും സമൂഹവും കുടുംബവുമെല്ലാം തങ്ങളെ മാറ്റി നിര്‍ത്തുന്നതിന്റെ നോവ് ഇരുവരും അനുഭവിക്കുന്നുണ്ട്. 

ആദിലയും നൂറയും ഷോയിലേക്ക് എത്തിയപ്പോള്‍ അവരെ സംശയത്തോടെയും വിദ്വേഷത്തോടെയും നെറ്റിചുളിച്ചും നോക്കിയ പ്രേക്ഷകര്‍ അനവധിയാണ്. എന്നാല്‍ കഥ മാറിയിട്ടുണ്ട്. വ്യക്തിത്വവും പെരുമാറ്റവും പരസ്പരമുള്ള സ്‌നേഹ- ബഹുമാനങ്ങളും കൊണ്ട് ആദിലയും നൂറയും  പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കാഴ്ചയാണിപ്പോള്‍ കാണാനാവുക. അതുകൊണ്ടു തന്നെയാണ്, ആദിലയേയും നൂറയേയും കുറിച്ച് ഹൗസില്‍ നടന്ന ഒരു തര്‍ക്കത്തിനിടയില്‍ വേദ ലക്ഷ്മി പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലെങ്ങും വലിയ ചര്‍ച്ചയായത്. 

'നിന്റെയൊക്കെ വീട്ടില്‍ പോലും കയറ്റാന്‍ കൊള്ളത്തവളുമാരല്ലേ ഇവര്‍,'  എന്നായിരുന്നു ആദിലയേയും നൂറയേയും കുറിച്ച് അക്ബറിനോട് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് സങ്കടപ്പെട്ട ആദിലയുടെ മുഖം പ്രേക്ഷകരില്‍ നല്ലൊരു വിഭാഗം ആളുകളെയും അസ്വസ്ഥമാക്കി.  ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശങ്ങളെ ഗൗരവകരമായി തന്നെ ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ നോക്കി കാണണമെന്ന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

വാരാന്ത്യ എപ്പിസോഡിനായി വീട്ടിലെത്തിയ മോഹന്‍ലാല്‍,  ആ പരാമര്‍ശത്തില്‍ ലക്ഷ്മിയോട് വിശദീകരണം തേടുകയും ചെയ്തു.  'ലക്ഷ്മിയുടേത് വളരെ തെറ്റായ സ്റ്റേറ്റ്മെന്റ് അല്ലേ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത് ഉത്തരം പറഞ്ഞേ പറ്റൂ...  നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നു പറയാന്‍ നിങ്ങള്‍ക്കൊക്കെ എന്ത് അധികാരമുണ്ട് നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവര്‍ ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. എന്താ കുഴപ്പം  നിങ്ങള്‍ ഏത് സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്' 

ചോദിക്കുന്നത് മോഹന്‍ലാലാണ്, മലയാളസിനിമയുടെ നെടുംതൂണായ താരങ്ങളിലൊരാള്‍. ബിഗ് ബോസ് പോലുള്ളൊരു വലിയ വേദിയില്‍ വച്ച് 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നു പറഞ്ഞുകൊണ്ടുള്ള ആ ചേര്‍ത്തുപിടിക്കലിന് എത്രയോ മനുഷ്യരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. സാധാരണക്കാരായ ഒരുപാട് പ്രേക്ഷകരുടെ മനസ്സു തൊടാനും ആ വാക്കുകള്‍ക്ക് ആവും. 

'നിങ്ങളുടെ താല്‍പര്യങ്ങള്‍ നിങ്ങളില്‍ മാത്രം നിക്ഷിപ്തമാണ്. നിങ്ങളുടെ സൗകര്യത്തിനു ജീവിക്കാന്‍ മറ്റൊരാളെ നിങ്ങള്‍ പ്രേരിപ്പിക്കരുത്,' എന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുമ്പോള്‍ വളരെ ധീരമായൊരു സ്റ്റേറ്റ്മെന്റായി അതു മാറി.  ആദിലയ്ക്കും  നൂറയ്ക്കുമെതിരെ ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശങ്ങളെ മോഹന്‍ലാല്‍ അഡ്രസ് ചെയ്ത രീതി തീര്‍ച്ചയായും മാതൃകാപരമാണ്. 

ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ആദിലയ്ക്കും നൂറയ്ക്കും ലഭിച്ച ഏറ്റവും മികച്ച വേദികളില്‍ ഒന്നാവുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരവും സെപ്റ്റംബര്‍ 13ന് ടെലികാസ്റ്റ് ചെയ്ത എപ്പിസോഡില്‍ കാണാം. സമൂഹത്തിന്റെ  ഹോമോഫോബിക് പ്രവണതയേയും തെറ്റിദ്ധാരണകളെയുമെല്ലാം കൃത്യമായി തന്നെയാണ് ആദില അഡ്രസ്സ് ചെയ്യുന്നത്.  

'ലാലേട്ടാ, ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവര്‍ക്ക് ഓക്കെയല്ല എന്ന തരത്തില്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അവരുടെ മകന്‍ അടക്കമുള്ള ആളുകള്‍ ഇതുകണ്ട് ഇന്‍ഫ്ളുവന്‍സ് ആകും എന്നൊരു സ്റ്റേറ്റ്മെന്റ് അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ടാളും ചെറുപ്പം മുതലേ ലെസ്ബിയന്‍ കണ്ടുവളര്‍ന്ന ആള്‍ക്കാര്‍ അല്ല. ഞങ്ങള്‍ക്കു ഞങ്ങളുടെ സ്വത്വം മനസിലായത് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ആണ്.'

'ഇതുകണ്ട് ആരും ഇന്‍ഫ്ളുവന്‍സ് ആകില്ല എന്നെനിക്ക് പറയണമെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ പറയുന്നത് ഇന്‍ഫ്ളുവന്‍സ് ആകുമെന്നാണ്. ഒരാളുടെ സെക്ഷ്വാലിറ്റിയൊക്കെ അവര്‍ ജനിക്കുമ്പോള്‍ തൊട്ട് ഉണ്ടാകുന്ന സംഗതിയാണ്. ഒരു സമയം  എത്തുമ്പോള്‍ നമ്മള്‍ അത് തിരിച്ചറിയുന്നു എന്നേയുള്ളൂ. ആരെയും നമുക്ക് ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയെങ്കില്‍ ഇവിടെ ഇരിക്കുന്ന ഹെട്രോസെക്ഷ്വല്‍സിനെ എല്ലാവരെയും എനിക്കും നൂറയ്ക്കും ഇന്‍ഫ്ളുവന്‍സ് ചെയ്തു ഹോമോസെക്ഷ്വല്‍സ് ആക്കാം. അത് ഒരിക്കലും സാധ്യമല്ല. കുറേപേര്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്, ലെസ്ബിയന്‍ കപ്പിള്‍സ് എന്നു പറഞ്ഞാല്‍ ഭയങ്കര അണ്‍കംഫര്‍ട്ടബിള്‍ ആയിരിക്കുമെന്ന്.  ഞങ്ങള്‍ക്ക് ഇത് നോര്‍മലൈസ് ചെയ്യണം. കാരണം ഞങ്ങളും എല്ലാവരെയും പോലെ സാധാരണ ആള്‍ക്കാരാണ്. സെക്ഷ്വല്‍ ലൈഫ് മാത്രമല്ല, എല്ലാവരെയും പോലെ സ്നേഹം, ബഹുമാനം തുടങ്ങിയ ബേസിക്  കാര്യങ്ങളിലാണ് ഞങ്ങളുടെ  റിലേഷന്‍ഷിപ്പും നില്‍ക്കുന്നതെന്ന് ഞങ്ങള്‍ക്കൊന്ന് കാണിക്കണമെന്നുണ്ടായിരുന്നു,' എന്നാണ് ഏറ്റവും കൃത്യമായും വ്യക്തമായും ആദില പറഞ്ഞുവയ്ക്കുന്നത്. മോഹന്‍ലാലിനും മത്സരാര്‍ത്ഥികള്‍ക്കുമൊപ്പം ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകര്‍ കൂടിയാണ് ആ വാക്കുകള്‍ കേട്ടിരുന്നത്. 

'എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികതയുള്ള ആളുകള്‍ ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ 'എല്‍' എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നത്. 'ജി' എന്നാല്‍ ഗേ എന്നാണ്, പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നത്. 'ബി' എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നത്. 'ക്യൂ' എന്നാല്‍ ക്യൂയിര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ വരുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. 'ഐ' എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പറയുന്നതാണ്. ജനിക്കുമ്പോള്‍ ഒരു ജെന്‍ഡറിന്റെ ഫിസിക്കാലിറ്റി മാത്രമല്ലാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ, കുറവ് എന്നാല്‍ അതിന്റെ വലിപ്പത്തിലുള്ള കുറവോ, അല്ലെങ്കില്‍ രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്‌സ് എന്ന് പറയുന്നത്.

'എ' എന്നാല്‍ അസെക്ഷ്വല്‍ ആയവര്‍, അതായത് ഒരു ജെന്‍ഡറിലുള്ള മനുഷ്യരോടും ഒരു തരത്തിലുള്ള ലൈംഗികതയും തോന്നാത്തവര്‍. പിന്നെ 'പ്ലസ്' ഉണ്ട്, ഇതൊന്നും അല്ലാതെ വേറെയും കുറെ സെക്ഷ്വാലിറ്റികളുണ്ട്. ജെന്‍ഡര്‍ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം പ്രണയം തോന്നുന്നവരെ ഡെമി സെക്ഷ്വല്‍ എന്ന് പറയും. ജെന്‍ഡര്‍ നോക്കാതെ എല്ലാവരോടും പ്രണയം തോന്നുവരെ പാന്‍സെക്ഷ്വല്‍ എന്ന് പറയും. ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര ജെന്‍ഡറും സെക്ഷ്വലിറ്റികളുമുണ്ട്,' ഈ വിഷയത്തില്‍ അതിലും മികച്ചതും സ്പഷ്ടവുമായൊരു  മറുപടി അതുവരെ മലയാളി പ്രേക്ഷകര്‍ കേട്ടിരുന്നില്ല. 

വെറും വഴക്കവും ബഹളവും മാത്രമുള്ള ഒരു അരസികന്‍ പരിപാടിയെന്ന് ബിഗ് ബോസിനെ പഴിചാരിയവര്‍ പോലും റിയാസിന്റെ ആ മറുപടി കേട്ടിരുന്നു.  ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകര്‍ അല്ലാത്തവര്‍ പോലും റിയാസിന്റെ വാക്കുകള്‍ ഏറ്റെടുത്തതോടെ വീഡിയോ  വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ലക്ഷകണക്കിന് മനുഷ്യരിലേക്ക് ആ വീഡിയോ എത്തി. അതുമാത്രമല്ല, ഫെമിനിസം, ലിംഗ സമത്വം, മാനസിക ആരോഗ്യം, LGBTQIA+, സിംഗിള്‍ പേരന്റിങ്, ടോക്‌സിക് പേരന്റിങ്, വസ്ത്ര സ്വാതന്ത്ര്യം, ആര്‍ത്തവം അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ എന്നു തുടങ്ങി റിയാസ് ഷോയില്‍ സംസാരിച്ച ഒരുപാട് വിഷയങ്ങള്‍ ആളുകള്‍ ശ്രദ്ധയോടെ കേട്ടു. 

ബിഗ് ബോസില്‍ റിയാസും നാദിറ മെഹ്‌റിനുമെല്ലാം തുടങ്ങി വച്ചതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ ആദിലയും നൂറയും. ഈ ഭൂമിയില്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും തുല്യതാബോധത്തോടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി ജീവിതം കൊണ്ട് പടപൊരുതുന്ന ആ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് ബിഗ് ബോസ് ഷോയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. ആ ഷോയില്‍, മോഹന്‍ലാലിനെ പോലെ സമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനശേഷിയുള്ള ഒരു ഐക്കണ്‍ വന്ന്, 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ,' എന്ന് പറയുമ്പോള്‍ അത്  വെറും ഭംഗിവാക്കല്ല, ധീരമായൊരു സ്റ്റേറ്റ്മെന്റ് ആണ്.  അഭിനന്ദിക്കേണ്ടതുണ്ട് ആ നിലപാടിനെ.

actor mohanlal bigboss malayalam season6