ഡയസ് ഇടിക്കുള (President, World Malayalee Council, Ajman, UAE)
മലയാള സിനിമാ നടന്മാരുമായി യാതൊരു പരിചയവും ഇല്ലാത്ത സാഹചര്യത്തിൽ വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായാണ് ശ്രീ. ക്യാപ്റ്റൻ രാജുവിനെ പരിചയപ്പെടുന്നത്. മലയാള സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു റാന്നിയിൽ എത്തിയ ക്യാപ്റ്റൻ രാജുവിനും സംഘത്തിനും അന്ന് ആധിഥ്യമരുളിയത് എൻറെ പ്രീയ സുഹൃത്ത് ആലിച്ചൻ ആറൊന്നിലിന്റെ പ്ലാച്ചേരിയിലുള്ള ഭവനത്തിലായിരുന്നു.
Captain Raju
റാന്നിയെ കുറിച്ചും, റാന്നിയുടെ ജനനായകൻ യഃശശരീരനായ ശ്രീ. വയലാ ഇടിക്കുളയെ കുറിച്ചും ഒക്കെയുള്ള തന്റെ ഓർമ്മകൾ 'വടക്കൻ വീരഗാഥയിലെ .....അരിങ്ങോടരുടെ ശൈലിയിൽ' ക്യാപ്റ്റൻ രാജു അവതരിപ്പിച്ച നിമിഷങ്ങൾ അക്ഷരാർത്ഥത്തിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....!!!
ജന്‌മനാടായ ഓമല്ലൂരിനെ കുറിച്ചും.....ഗ്രാമീണ ജീവിതത്തിലെ വക്രതയില്ലാത്ത മനുഷ്യ ബന്ധങ്ങളുടെ ശ്രേഷ്ഠതയെ കുറിച്ചും .... ഒരു ആചാര്യനെപോലെ പ്രൗഢമായ ഭാഷയിൽ ശ്രീ.ക്യാപ്റ്റൻ രാജു സംസാരിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്ര സ്‌നേഹിയെ നമുക്ക് ദർശിയ്ക്കാം...!!!
ക്യാപ്റ്റൻ രാജുവും നാട്ടുവൈദ്യചികിത്സയും
കിഡ്‌നി സ്‌റ്റോണിന് ഫലപ്രദമായ ഒറ്റമൂലി ചികിത്സ സ്വായത്തമാക്കിയ ഒരു നാട്ടു വൈദ്യനാണ് ക്യാപ്റ്റൻ രാജു എന്നത് ഒരു പക്ഷേ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിവില്ല.....!!!
ആ രഹസ്യം പരസ്യമാക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല.
തനിക്ക് കുടുംബപരമായി ലഭിച്ച നാട്ടുവൈദ്യചികിത്സയെ കുറിച്ച് ക്യാപ്റ്റൻ രാജു പറയാൻ കാരണം, അന്നത്തെ ഞങ്ങളുടെ സദസ്സിൽ കിഡ്‌നി സ്‌റ്റോൺ വേദന മൂലം ഭക്ഷണം കഴിയ്ക്കാൻ ബുദ്ധിമുട്ടുന്ന മലയാള മനോരമ റാന്നി റിപ്പോർട്ടർ ഹരിയുടെ സാന്നിദ്ധൃമായിരുന്നു.
തിരുവല്ലാ പുഷ്പഗിരി ആശുപത്രയിൽ കിഡ്‌നി സ്‌റ്റോണിന് ഓപ്പറേഷൻ നിശ്ചയിച്ചിരുന്ന ഹരിയോട് : ക്യാപ്റ്റൻ രാജുവിന്റെ ചികിത്സ കഴിഞ്ഞിട്ട് മതി ഓപ്പറേഷൻ !!! എന്ന് പറഞ്ഞപ്പോൾ ഒരു തമാശയായേ പലരും കരുതിയുള്ളൂ ...!!! തൊട്ടടുത്ത ദിവസം തന്നെ തിരുവന്തപുരത്തുള്ള ക്യാപ്റ്റൻ രാജുവിന്റെ വസതിയിൽ അലിച്ചന്റെ നേതൃത്വത്തിൽ ഹരിയേയും കൂട്ടി ഞങ്ങൾ പോയി.
കരമനയാറിന്റെ തീരത്തു വളരുന്ന ചില ഔഷധ ചെടികൾ സൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് രാത്രിയിൽ ശേഖരിച്ചു, വിധിപ്രകാരം ഹരിയ്ക്കുള്ള മരുന്നുമായി കാത്തുനിൽക്കുന്ന സ്‌നേഹനിധിയായ ഒരു വലിയ മനുഷ്യനെയാണ് ഞങ്ങൾ അന്ന് കണ്ടത്.
രോഗിയെ ഉറക്കാതെ പല ഘട്ടങ്ങളായി മരുന്ന് നൽകി ഒറ്റ ദിവസം കൊണ്ട് രോഗം ഭേദമാക്കുന്ന ഒറ്റമൂലി ചികിത്സയാണിത്. അതിനായി ഒരു ദിവസം മുഴുവൻ ക്യാപ്റ്റൻ രാജു ഞങ്ങളോടൊപ്പം ഒരുപാട് തമാശകൾ പറഞ്ഞും, പ്രിയതമ പ്രമീള ഒരുക്കിയ രുചികരമായ ഭക്ഷണങ്ങൾ തന്നും ഞങ്ങളെ യാത്രയാക്കിയെത് ഒരിയ് ക്കലും മറക്കാൻ കഴിയില്ല !!! ക്യാപ്റ്റൻ രാജുവിന്റെ ഒറ്റമൂലി ചികിത്സയിൽ രോഗം ഭേദമായ നിരവധി ആളുകൾ ഒരു പക്ഷേ ആ വലിയ മനുഷ്യന്റെ വേർപാടിൽ ദു:ഖിയ്ക്കുന്നുണ്ടാകാം....!!!
ജന മനസ്സുകൾ കീഴടക്കിയ ക്യാപ്റ്റൻ രാജു...!!!
നിഷ്കളങ്കമായ ജീവിതത്തിലൂടെ ജന മനസ്സുകൾ കീഴടക്കിയ ക്യാപ്റ്റൻ രാജുവിന്റെ ജീവിതയാത്ര.... കയ്‌പും മധുരവും നിറഞ്ഞ അനുഭവങ്ങളാൽ സമ്പന്നമാണ്...!!! 1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനനം. ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും, എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ പ്രവേശിച്ച ഓമല്ലൂർക്കാരൻ 'ക്യാപ്റ്റൻ' പദവിയോടെയാണ് വിരമിക്കുന്നത്.
പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം മലയാള ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ചു. ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ റോളുകൾ...!!! പ്രൗഢമായ ഭാഷയും, ശബ്ദവും, ഭാവവും നിറഞ്ഞുനിൽക്കുന്ന ക്യാപ്റ്റൻ രാജുവിന്റെ പ്രഭാഷണങ്ങൾ അക്ഷരാർത്ഥത്തിൽ ജന മനസ്സുകൾ കീഴടക്കും. ആചാര്യഭാവം പുലർത്തുന്നതാണ് ആ പ്രഭാഷണങ്ങൾ. ആരെയും വേദനിപ്പിയ്ക്കാതെ തന്റെ ആശയങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കുവാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞിരുന്നു. ജീവിതാന്ത്യം വരെ ജാതിമത ഭേദമില്ലാതെ ഏവരെയുo സ്‌നേഹിച്ച പ്രീയപ്പെട്ട ക്യാപ്റ്റൻ രാജുവിന് പ്രണാമം