സഹപ്രവര്‍ത്തകരില്‍ നിന്നും കാര്യമായ പിന്തുണയും സഹായവും ലഭിച്ചില്ല ;ഇനി അമ്മയുടെ തലപ്പത്തേക്കില്ലെന്ന് മോഹന്‍ലാല്‍

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് നടന്‍ മോഹന്‍ലാല്‍ ഇനിയില്ല. ഇക്കാര്യം മോഹന്‍ലാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവര്‍ത്തകരില്‍നിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹന്‍ലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി.

author-image
Rajesh T L
New Update
KJ

Mohanlal | Instagram

കൊച്ചി:താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് നടന്‍ മോഹന്‍ലാല്‍ ഇനിയില്ല. ഇക്കാര്യം മോഹന്‍ലാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവര്‍ത്തകരില്‍നിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹന്‍ലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചതിലുള്ള എതിര്‍പ്പ് മോഹന്‍ലാല്‍ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍  കൂട്ട രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കുകയും ആ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഭരണസമിതിയുടെ രാജി.ഏകപക്ഷീയമായ തീരുമാനമാണെന്ന തരത്തില്‍ സംഘടനയ്ക്കുള്ളില്‍ നിന്നുവരെ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖായിരുന്നു ആദ്യം രാജിവച്ചത്. അതിനു പിന്നാലെ നിരവധി നടന്‍മാര്‍ക്കെതിരെ ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തി. ഇതൊക്കെയായിരുന്നു അമ്മ ഭരണസമിതിയുടെ പിരിച്ചുവിടലിനു കാരണം.

നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ ഭരണസമിതി ഉടന്‍തന്നെ നിലവില്‍ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അടുത്ത ജൂണില്‍ മാത്രമേ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയുള്ളു. ഒരു വര്‍ഷത്തേക്കാണു താത്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി ജനറല്‍ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.

2021ലെ തിരഞ്ഞെടുപ്പിലും മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു ഭാരവാഹിത്വത്തില്‍നിന്ന് ഒഴിയുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ കൂടി മാറുന്നതു സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരമുണ്ടാകുമെങ്കില്‍ താന്‍ ആ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതും. ഇതിനു പിന്നാലെ ചലച്ചിത്ര മേഖലയിലെ പല പ്രമുഖര്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലെല്ലാം അമ്മ നേതൃത്വം അഴകൊഴമ്പന്‍ നിലപാടാണു സ്വീകരിക്കുന്നതെന്ന രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അമ്മയ്ക്ക് അനുകൂല നിലപാടുമില്ല,പ്രതികൂല നിലപാടുമില്ല എന്ന നിലപാടെടുത്ത സിദ്ദിഖിനു നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണത്തില്‍പ്പെട്ടു. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ല എന്ന വിമര്‍ശനവും ശക്തമായപ്പോഴാണ് തിരുവനന്തപുരത്തു വച്ച് അദ്ദേഹം ഇക്കാര്യത്തില്‍ മനസ്സു തുറന്നത്. പക്ഷേ, മോഹന്‍ലാലിന്റെ വിശദീകരണത്തിനു നേരെയും വിമര്‍ശനങ്ങളുയര്‍ന്നു.

സംഘടനയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതോടെ ഭാരവാഹികള്‍ ഒന്നടങ്കം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയുമായിരുന്നു. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങള്‍ മുടങ്ങില്ലെന്നും താത്കാലിക ഭരണസമിതി വ്യക്തമാക്കിയിരുന്നു. അമ്മയുടെ അടുത്ത ജനറല്‍ ബോഡി ചേരുന്നതിനെ കുറിച്ചും പുതിയ ഭാരവാഹികള്‍ വരുന്നതിനെക്കുറിച്ചും ഇടക്കിടെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇക്കാര്യത്തില്‍ ആരും മുന്‍കൈ എടുക്കുന്നില്ല എന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യത്തില്‍ താന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും എന്നു വ്യക്തമാക്കിയത്. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ അമ്മയുടെ ഭരണനേതൃത്വത്തിലേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുനവരുന്നത്.

AMMA Executive Committee amma association actor mohanlal mohanlal Hema Committe Report