/kalakaumudi/media/media_files/2025/01/26/KcUGEsAbhaB0s9zaf8vV.jpg)
Shafi
കൊച്ചി: മലയാള സിനിമ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ച ഷാഫിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി സിനിമാ ലോകം. ഇന്നലെ അന്തരിച്ച സംവിധായകന്‍ ഷാഫിയുടെ സംസ്‌കാരം കൊച്ചി കലൂര്‍ ജമാ മസ്ജിദില്‍ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെയാളുകള്‍ ഷാഫിക്ക് അന്ത്യഞ്ജലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുളള പ്രമുഖര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാവിലെ 9 മണി മുതല്‍ 12 മണിവരെ കലൂരിലെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. മമ്മൂട്ടി, പ്രിഥ്വിരാജ്, മനോജ് കെ.ജയന്‍, സിബി മലയില്‍, വിനയന്‍ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മന്ത്രി പി.രാജീവും എത്തി ഷാഫിക്ക് അന്തിമോപചാരമര്‍പ്പിച്ചു.ഇതിനു ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം രണ്ട് മണിയോടെ കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു. ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളളവര്‍ മയ്യത്ത് നിസ്‌കാരത്തിന്റെ ഭാഗമായി. പ്രാര്‍ഥന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറിടത്തിലേക്ക് കൊണ്ടു പോയി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.
കല്യാണരാമന്‍, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വണ്‍ മാന്‍ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളന്‍, സ്രാങ്ക് തുടങ്ങി മലയാളികള്‍ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമ പ്രവേശം. 2001 ല്‍ ജയറാം നായകനായെത്തിയ വണ്‍മാന്‍ ഷോ ആയിരുന്നു ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രം.
മികച്ച വിജയം നേടിയ ആദ്യ ചിത്രം കൊണ്ട് തന്നെ ഷാഫിയിലെ സംവിധായകനെ മലയാള സിനിമ പ്രേക്ഷകന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഷാഫി മാജിക്ക് കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ദിലീപിനെ നായകനാക്കി, മലയാളത്തിലെ ഒരുപിടി താരങ്ങളെയും അണിനിരത്തി ബെന്നി പി നായരമ്പലത്തിന്റെ സ്‌ക്രിപ്റ്റില്‍ ഒരുക്കിയ കല്യാണരാമന്‍, മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ മഹാവിജയമായി മാറി.
പിന്നാലെ, മായാവി, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കൊണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പി നാട്, ടു കണ്‍ട്രീസ്, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ കൊമേഴ്സ്യല്‍ വിജയം നേടിയ ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍. തമിഴ് ചിത്രമായ മജ(തൊമ്മനും മക്കളും) അടക്കം 18 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇവയില്‍ ബഹുഭൂരിപക്ഷവും മലയാളത്തിലെ മഹാവിജയങ്ങളായി മാറിയവയായിരുന്നു.
2022 ല്‍ റിലീസ് ചെയ്ത ആനന്ദം പരമാനന്ദം ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി ഒരുക്കിയത്. ഇനിയുമൊരു ഫാഫി ചിത്രത്തിന് കാത്തിരിക്കാന്‍ മലയാള സിനിമ പ്രേക്ഷകന് അവസരം നല്‍കാതെ അദ്ദേഹം പോകുന്നു.