ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഖ്യമുള്ള നഗ്ന രംഗങ്ങള്‍ വലിയ രീതിയില്‍ കേരളത്തില്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെക്കുറിച്ചാണ് വ്യാപക വിമര്‍ശനം ഉയരുന്നത്.
ഒരു വ്യക്തിയുടെ ലൈംഗികാഭിലാഷത്തിന്റെ സങ്കീര്‍ണ്ണമായ വേട്ടയാടലുകളെ വ്യത്യസ്തമായ ആഖ്യാനത്തിലൂടെ കടന്നുചെല്ലുന്ന ചിത്രമാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2024 നവംബര്‍ 22നാണ് കേരളത്തില്‍ ഉള്‍പ്പടെ രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്തത്. 'പ്രഭയായ് നിനച്ചതെല്ലാം' എന്ന മലയാളം പേരിലാണ് കേരളത്തില്‍ റിലീസ് ചെയ്തത് 'സ്പിരിറ്റ് ഓഫ് മുംബൈ' എന്ന വിശേഷണവും കപാഡിയയുടെ സൃഷ്ടിക്ക് നിരൂപകര്‍ നല്‍കിയിരുന്നു.
സിനിമാറ്റിക് ബ്രില്ല്യന്‍സ് ഉണ്ടായിരുന്നിട്ടും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇന്റിമേറ്റ് സീനുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ചിത്രം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഏതാനും സെക്കന്റുകള്‍ മാത്രം കാണിക്കുന്ന ദിവ്യ പ്രഭയുടെ നഗ്‌നതയും ഇന്റിമേറ്റ് രംഗങ്ങളും 'ദിവ്യപ്രഭ ഒറിജിനല്‍ വീഡിയോ ലിങ്ക്' എന്നൊക്കെയുള്ള ഹാഷ്ടാഗുകളോടെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നു.
ദിവ്യപ്രഭ ഉള്‍പ്പെടുന്ന സീക്വന്‍സുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന സീക്വന്‍സുകളിലൊന്ന്,ദിവ്യപ്രഭയുടെ കഥാപാത്രം കണ്ണാടിക്ക് മുന്നില്‍ വസ്ത്രം മാറുന്ന രംഗവും ഒരു വനത്തില്‍ നടക്കുന്ന ക്ലൈമാക്സ് പ്രണയ രംഗവുമാണ്.
രണ്ടാമത്തേത് സംവേദനക്ഷമതയോടെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, നിരൂപകര്‍ ഈ സീനിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ രംഗങ്ങള്‍ അനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകളില്ലാതെ സിനിമയുടെ ആഖ്യാനവുമായി പൊരുത്തപ്പെടുന്നതായും പലരും വാദിക്കുന്നുണ്ട്. സിനിമയുടെ പ്രമേയത്തെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ തീര്‍ച്ചയായും കണേണ്ട ചിത്രമാണ് പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'