വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ നടൻ ജയം രവിയുടെ വ്യക്തി ജീവിതം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോൾ വാർത്തകൾ തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരിക്കുകയാണ്. കെനിഷയയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ജയം രവി പറഞ്ഞത്.
ഈ മാസം ആദ്യമാണ് ഭാര്യ ആരതിയുമായി താൻ വേർപിരിയുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ജയം രവി രംഗത്തെത്തിയത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് ആരോപിച്ച് ആരതി കുറിപ്പ് പങ്കുവച്ചു. ഇതോടെ ഇരുവരുടെ വിവാഹജീവിതത്തേക്കുറിച്ച് പലകാര്യങ്ങളും പ്രചരിച്ചു. അതിനിടെയാണ് നടനും ഗായിക കെനിഷയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇത് വലിയ ചർച്ചയായതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.
'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകൾ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. അത്തരം പ്രവൃത്തിയിൽ ഏർപ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളിൽ പാടിയിട്ടുള്ള ആളാണ് കെനിഷ. കഠിനാധ്വാനത്തിലാണ് ഇപ്പോഴത്തെ ജീവിതം അവർ നേടിയെടുത്തത്. നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ള ഹീലർ കൂടിയാണ് അവർ. ലൈസൻസുള്ള സൈക്കോളജിസ്റ്റാണ്. അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുത്. ഭാവിയിൽ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റർ തുടങ്ങാൻ പ്ലാനുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി അത് നശിപ്പിക്കരുത്. ആർക്കും അത് നശിപ്പിക്കാനും ആകില്ല. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്.'- ജയം രവി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
