യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ സിദ്ദിഖിനായി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ നടൻ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആരെങ്കിലും ഉപദ്രവിച്ചാൽ 20 വർഷത്തോളം മിണ്ടാതെ കാത്തിരിക്കരുത്, മുഖത്തടിച്ച് പ്രതികരിക്കണം എന്നായിരുന്നു 2018ൽ മീടൂ ക്യാംപെയ്‌നെ കുറിച്ച് സംസാരിക്കവെ സിദ്ദിഖ് പറഞ്ഞത്.
സിദ്ദിഖിന്റെ ഈ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ”മീടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്‌നാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലതാണ്. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി.”
”ആ സമയത്ത് പേര് വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോൾ ധൈര്യം ഉണ്ടായി എന്നു പറയാൻ നിൽക്കരുത്. പെൺകുട്ടികളോടൊപ്പം കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ” എന്നായിരുന്നു സിദ്ദിഖിന്റെ വാക്കുകൾ.
അതേസമയം ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സിനിമയിലെ സുഹൃത്തുക്കളുടെ ഫോണുകൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നിരുന്നു. എന്നാൽ യാതൊരു തുമ്പും കണ്ടെത്താനായില്ല. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട് അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.