/kalakaumudi/media/media_files/2025/02/21/hibH3fteukafXnkg3ZLe.jpg)
ഓഗസ്റ്റ് രണ്ട് അത് ഫ്രണ്ട്ഷിപ് ഡേ മാത്രമല്ല, ഇന്നാണ് വരുണ്‍ പ്രഭാകര്‍ മരിച്ചത്. മരിച്ചതല്ല ജോര്‍ജ്ജുകുട്ടിയുടെ മകളും ഭാര്യയും കൊന്നത്. പക്ഷെ ഓഗസ്റ്റ് രണ്ടിന് ജോര്‍ജ്ജു കുട്ടിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
തൊടുപുഴയില്‍ ഒരു ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും പറഞ്ഞ് ജോര്‍ജ്ജു കുട്ടി ആ തിയ്യതി ഉറപ്പിച്ചത് ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളില്‍ മാത്രമല്ല, മലയാളി പ്രേക്ഷകരിലുമാണ്.
രാജ്യമൊട്ടാകെ തരംഗമായി മാറിയ മലയാള ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം.
അതിന്റെ രണ്ടാം ഭാഗവും വന്‍ ഹിറ്റായി മാറിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തിയ ദൃശ്യം ആ ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു.
ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പല സമയങ്ങളിലായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.
നടന്‍ മോഹന്‍ലാല്‍ ആണ് ദൃശ്യം 3 ഒഫീഷ്യല്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടിയായ മോഹന്‍ലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു.
രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്. സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.