ദുൽഖർ സൽമാൻ പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രമോഷൻ്റെ ഭാ​ഗമായി നാഗാർജുന അവതാരകനായുള്ള ബിഗ് ബോസ് തെലുങ്കിൽ എത്തിയപ്പോഴുണ്ടായ ഒരു രസകരമായ നിമിഷമാണ് വൈറലാകുന്നത്.
നാഗാർജുനയോട് ഞാൻ ചെറിയ വയസ്സ് മുതൽ താങ്കളുടെ ആരാധകനാണ്. എന്നെ സംബന്ധിച്ചിടത്തോളം സ്റ്റൈലിഷ് ഐക്കണുകളിൽ ഒരാളാണ് താങ്കൾ. അത് ഒരിക്കലും മാറിയിട്ടുമില്ലെന്ന് ദുൽഖർ പറയുന്നുണ്ട്. ഇതിന് മറുപടിയായി ഉടൻ തന്നെ നാഗാർജുന നന്ദി പറയുന്നുണ്ട് എന്നാൽ അപ്പോൾ തന്നെ സ്റ്റൈലിൽ നിങ്ങളുടെ വാപ്പച്ചിയെ വെല്ലാൻ ആർക്കാണ് പറ്റുക എന്ന മറുചോദ്യവും ഉന്നയിക്കുന്നുണ്ട് നാ​ഗാർജുന. മമ്മൂട്ടിയുടെ ശബ്ദം അതേപോലെ ദുൽഖറിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ പല ആരാധകരും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ലക്കി ഭാസ്കറിന്റെ പ്രീ റിലീസ് ഇവന്റിൽ തെലുങ്കിലെ പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ദുൽഖറിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണ് ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത്. ലക്കി ഭാസ്കറിലെ കഥാപാത്രത്തിലേക്ക് നടൻ എളുപ്പത്തിൽ നടന്നുകയറി. എന്തൊരു നടനാണ് അദ്ദേഹം. മമ്മൂട്ടിയുടെ മകനായിരുന്നുകൊണ്ട് ഒരു നടൻ എന്ന നിലയിൽ വ്യത്യസ്തമായ കരിയറുണ്ടാക്കുക എന്നത് തീർത്തും പ്രയാസം നിറഞ്ഞ കാര്യമാണ്. അദ്ദേഹം തന്റെ മകനെ ഓർത്ത് അഭിമാനിക്കും എന്നാണ് ത്രിവിക്രം ശ്രീനിവാസ് അഭിപ്രായപ്പെട്ടത്.
അതേസമയം, ലക്കി ഭാസ്കർ ഒക്ടോബർ 31-ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
