/kalakaumudi/media/media_files/klg5EVmGi1wihXFEWW69.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ മുതലുള്ള നടിമാർ ദുരനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. നടിമാർ നൽകിയ പരാതികളിൽ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്ന ചില സ്ത്രീകൾ വിശ്വാസയോഗ്യരല്ലെന്ന് പറയുകയാണ് നടി സ്വാസിക.
കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നാണ് സ്വാസിക പറയുന്നത്. ഇപ്പോൾ എന്തെങ്കിലും കേൾക്കുമ്പോഴേക്കും പുരുഷനെ ഭയങ്കരമായി നാറ്റിക്കുന്നു. രണ്ട് വശവും കൃത്യമായി അറിയണം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. ചാനലുകളിൽ വന്നിരുന്ന് കുറേ പേർ പറയുന്നത് സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല.
അവർ പറയുന്നതിൽ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. മാധ്യമ പ്രവർത്തകർ ആ സ്ത്രീകളുടെ അഭിമുഖം അമിതമായി എടുക്കാതിരിക്കുന്നതാണ് നല്ലത്. അവർ ഓരോ ഇന്റർവ്യൂകളിലും മാറ്റി മാറ്റിയാണ് കാര്യങ്ങൾ പറയുന്നത്. ഓരോ ദിവസവും ഓരോ പേരുകൾ ഓർത്ത് വരുന്നു. അവർ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്‌നങ്ങളാണ്.സ്ത്രീകൾക്ക് കുറേ ആനുകൂല്യങ്ങൾ നിയമം കൊടുക്കുന്നുണ്ട്. പക്ഷെ കുറേപ്പേർ അത് ദുരുപയോഗം ചെയ്യുന്നു. യഥാർത്ഥ കേസുമായി വരുമ്പോൾ ആൾക്കാർ വിശ്വസിക്കാത്ത സാഹചര്യമുണ്ടാകും. എല്ലാ സ്ത്രീകൾക്കും മാന്യത ഉണ്ടാവണം. അത് വിട്ട് കളിക്കാതിരിക്കുക. അവർ എന്നെ അങ്ങനെ ചെയ്തു, അതുകൊണ്ട് ഞാൻ കാശ് ചോദിച്ചു എന്ന് ഈ സ്ത്രീ പറയുന്നു.
അവിടെ തന്നെ മാന്യത പോയില്ലേ. എവിടെയാണോ നമ്മുടെ വ്യക്തിത്വം കളയുന്നത് അവിടെയാണ് മറ്റുള്ളവർ നമ്മളെ ഉപയോഗിക്കാൻ തുടങ്ങുന്നത്. ഒരു നോട്ടം കൊണ്ട് പുരുഷൻമാരെ ലക്ഷ്മണ രേഖയിൽ നിർത്താം. സ്ത്രീകൾ വിചാരിച്ചാൽ ഇത്തരം 90 ശതമാനം പ്രശ്‌നങ്ങളും ഇല്ലാതാക്കാം എന്നാണ് സ്വാസിക പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
