മലയാളത്തിന്റെ വേണുനാദത്തിന് 65-ാം പിറന്നാള്‍

ആ സ്വരഭംഗി തെളിഞ്ഞ പാട്ടുകള്‍ ഓരോ തവണ കേള്‍ക്കുമ്പോഴും ഗായകനോടുള്ള ഇഷ്ടം മലയാളിക്കു കൂടി കൂടി വരികയാണ്. ചില പാട്ടുകളുണ്ട്, അത് വേണുഗോപാലിന്റെ സ്വരത്തില്‍ തന്നെ കേള്‍ക്കണം

author-image
Biju
New Update
venugopal

'ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ...' അതേ... കിനാവിലെ മാത്രമല്ല മലയാളത്തിന്റെ മുത്തായി ജി വേണുഗോപാല്‍ എന്ന ഗായകന്‍ പിറന്നിട്ട് 65 വര്‍ഷം. പാടിയ പാട്ടുകളിലെല്ലാം വ്യക്തമായ കയ്യൊപ്പു ചാര്‍ത്തിയ ഗായകനാണ് ജി. വേണുഗോപാല്‍. ആ സ്വരഭംഗി തെളിഞ്ഞ പാട്ടുകള്‍ ഓരോ തവണ കേള്‍ക്കുമ്പോഴും ഗായകനോടുള്ള ഇഷ്ടം മലയാളിക്കു കൂടി കൂടി വരികയാണ്. ചില പാട്ടുകളുണ്ട്, അത് വേണുഗോപാലിന്റെ സ്വരത്തില്‍ തന്നെ കേള്‍ക്കണം. എങ്കിലേ ആരാധകര്‍ക്ക് പൂര്‍ണമായി മനസ്സുകൊടുത്ത് ആസ്വദിക്കാന്‍ പറ്റൂ. പ്രായം അറുപത് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കിന്നും പതിനേഴിന്റെ ചെറുപ്പമാണ്. ജി.വേണുഗോപാല്‍ എന്ന ഗായകനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ ചില ഗാനങ്ങളിലൂടെ......

'ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

ഈ സ്‌നേഹലാളനം നീ നീന്തും സാഗരം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം...'

1988ലെ 'മൂന്നാംപക്കം' ചിത്രത്തില്‍ സ്‌നേഹവും കരുതലും നിറച്ചൊരുക്കിയ പാട്ട് ആസ്വാദനത്തിനു വിവിധ തലങ്ങള്‍ സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഇളയരാജയുടേതായിരുന്നു സംഗീതം. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ ചോരാതെ നില്‍ക്കുന്ന പാട്ടിന് ഇന്നും ആസ്വാദകരുടെ ഇഷ്ടത്തിന്റെ പട്ടികയില്‍ മുന്‍നിരയിലാണു സ്ഥാനം.

'മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ...

കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ...

ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍

കിനാവുപോല്‍ വരൂ വരൂ...'

സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നാണ് മലയാളിക്കരികില്‍ മായാമഞ്ചല്‍ എത്തിയത്. പ്രണയസുഖം തെളിയുന്ന ദൃശ്യഭംഗിയ്‌ക്കൊപ്പം വേണുനാദം കൂടി ചേര്‍ന്നപ്പോള്‍ അത് നിത്യഹരിതമായി. രാധിക തിലക് ആയിരുന്നു ജി.വേണുഗോപാലിനൊപ്പം ചേര്‍ന്ന പെണ്‍സ്വരം. പി.കെ.ഗോപിയുടെ വരികള്‍ക്ക് ശരത്തിന്റേതായിരുന്നു സംഗീതം. 

'താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍

തൊട്ടു വിളിയ്ക്കൂ

താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍

മുട്ടി വിളിയ്ക്കൂ....'

വി.കെ.പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങിയ 'മുല്ലവള്ളിയും തേന്മാവും' എന്ന  ചിത്രത്തിലൂടെ താമരനൂലിഴകളാല്‍ പാട്ടുപ്രേമികളെയൊന്നാകെ വേണുഗോപാല്‍ തൊട്ടു വിളിച്ചു. അതിസുന്ദര ആലാപനത്തിലൂടെ ശ്രദ്ധേയമായ പാട്ട് ആസ്വാദകര്‍ എന്നന്നേയ്ക്കുമായി ഹൃദയത്തില്‍ എടുത്തുവയ്ക്കുകയും ചെയ്തു. ഗായത്രി അശോകന്‍ ആണ് പാട്ടില്‍ പെണ്‍സ്വരം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റേതായിരുന്നു സംഗീതം.  

'ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി

വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുമ്പില്‍

പാടുവതും രാഗം നീ തേടുവതും രാഗമാ

ദേവനുമനുരാഗിയാം അമ്പലപ്രാവേ....'

ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേര്‍ന്ന് ഒന്നാം രാഗം പാടിവന്നപ്പോള്‍ കേള്‍വിക്കാര്‍ കാതും മനസ്സും ഒരുപോലെ കൊടുത്തു കേട്ടിരുന്നു. 1987ലെ 'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന്‍ ചിത്രത്തിലെ ഈ പാട്ടിന് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റേതായിരുന്നു സംഗീതം. വരികള്‍ കുറിച്ചത് ശ്രീകുമാരന്‍ തമ്പി. പാട്ടിന് ഇന്നും പതിനേഴിന്റെ തിളക്കം തന്നെ. 

'താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം

താനേ പൂവിട്ട മോഹം

മൂകം വിതുമ്പും നേരം

പാടുന്നൂ സ്‌നേഹവീണയില്‍ 

ഒരു സാന്ദ്ര സംഗമ ഗാനം.....'

സ്‌നേഹത്തിന്റെ സൗന്ദര്യവും പിണക്കത്തിന്റെ മൂകതയും വരച്ചിട്ട ഹൃദ്യസുന്ദര മെലഡി വേണുനാദത്തില്‍ കേട്ടത് ഇന്നും മലയാളി മനസ്സില്‍ മായാതെ നിലനില്‍ക്കുന്നു. 1990ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ സസ്‌നേഹത്തിനു വേണ്ടി ഈണമൊരുക്കിയത് ജോണ്‍സണ്‍ മാസ്റ്റര്‍ ആയിരുന്നു, പി.കെ.ഗോപിയുടേതാണു വരികള്‍. പാട്ട് ഇന്നും മോഹം നിറച്ച് ഓര്‍മകളുടെ നല്ല കാലത്തിലേയ്ക്കു പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു.