കൊച്ചി: ആവേശത്തിന് ശേഷം മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കാണ് പുറത്തുവന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനായ അല്‍ത്താഫ് സലിം ആണ്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അല്‍ത്താഫ്. അല്‍ത്താഫിന്‍റെ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും.
തല്ലുമല അടക്കം ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍. ലാല്‍,സുരേഷ് കൃഷ്ണ , വിനയ് ഫോര്‍ട്ട് തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്.
ഒരു ഫാമിലി കോമഡിഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു വിവാഹ ഘോഷയാത്രയിലെ വേഷത്തിലാണ് പ്രധാന താരങ്ങള്‍. ഒരു കുതിരയും പാശ്ചത്തലത്തിലുണ്ട്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള പ്രധാന താരങ്ങൾക്ക് പുറമെ ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഓടും കുതിര ചാടും കുതിരയുടെ മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല, എന്തായാലും ഈ വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ, സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്