പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2014 ൽ അദ്ദേഹത്തിന് തൊണ്ടയിൽ ക്യാൻസർ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകൾ പറഞ്ഞു.
90 കളിൽ ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കിൽമർ. ടോപ്പ് ഗൺ (1986) എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ൽ, ഒലിവർ സ്റ്റോണിന്റെ ദി ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും കിൽമറിന്റെ പ്രശസ്തി വർധിപ്പിച്ചു. 'ടോംബ് സ്റ്റോൺ', 'ഹീറ്റ്', 'ബാറ്റ്മാൻ ഫോറെവർ' എന്നിവയുൾപ്പെടെ വിജയകരമായ നിരവധി ചിത്രങ്ങൾ കിൽമറിന്റെതായി പുറത്തുവന്നു. ഇതെല്ലാം ബോക്സ്ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു.
തൊണ്ടയിൽ ക്യാൻസർ ബാധിച്ചതോടെ അദ്ദേഹത്തിന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് ഏറെ കാലം വിട്ടുനിന്നിരുന്നുവെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ മാവെറിക്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയിരുന്നു. 2021ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 'വാൽ' എന്ന ഡോക്യുമെന്ററിയും പുറത്തുവന്നു.