/kalakaumudi/media/media_files/2025/10/10/feminichi-2025-10-10-19-15-02.jpg)
കേരളീയ സാഹചര്യങ്ങളിലെ സ്ത്രീകളുടെ നിസ്സഹായതകളും ചെറുത്തുനില്‍പ്പുകളും വിഷയമാക്കിയ ചിത്രമായിരുന്നു ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.' മലയാള സിനിമയില്‍ ഏറെ ചലനം സൃഷ്ടിച്ച 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തു.
ഒരര്‍ത്ഥത്തില്‍, അതേ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'യും.? എന്നാല്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' പോലെ 'ഫോഴ്‌സ്ഡ്' അല്ലാതെ രാഷ്ട്രീയം പറയുന്നു എന്നതാണ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യുടെ ഏറ്റവും വലിയ പ്ലസായി തോന്നിയത്.
കേരളീയ സ്ത്രീജീവിതാവസ്ഥകളെ, വളരെ സ്വാഭാവികതയോടെയാണ് ഫാസില്‍ മുഹമ്മദ് 'ഫെമിനിച്ചി ഫാത്തിമ'യില്‍ അവതരിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അഞ്ചു പുരസ്‌കാരങ്ങളടക്കം, നിരവധി ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ ചിത്രം, ശക്തമായ രാഷ്ട്രീയം വളരെ ലളിതമായി പറഞ്ഞുപോവുകയാണ്.
കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, യാഥാസ്ഥിതികനും മതവിശ്വാസിയുമായ ഭര്‍ത്താവ് അഷ്‌റഫിന്റെ (കുമാര്‍ സുനില്‍) നിയന്ത്രണങ്ങളില്‍ ജീവിക്കുന്ന ഫാത്തിമയുടെയും (ഷംല ഹംസ) കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം മൂത്ത മകന്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതോടെയാണ് ഫാത്തിമയുടെ 'കിടക്കപ്രശ്‌നം' ആരംഭിക്കുന്നത്.
ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതല്‍. തീരാപ്പണികള്‍ക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ഈ 'കിടക്കപ്രശ്‌നം' ഫാത്തിമയുടെയുള്ളില്‍ ഒരു വലിയ മാറ്റത്തിന് തിരികൊളുത്തുകയാണ്. ഒട്ടും അടിച്ചേല്‍പ്പിക്കാതെ, അങ്ങേയറ്റം സ്വാഭാവികതയോടെയാണ് ഓരോ കഥാമുഹൂര്‍ത്തങ്ങളും പരിണമിക്കുകയും കഥാപാത്രങ്ങള്‍ വികസിക്കുകയും ചെയ്യുന്നത്.
ഫാത്തിമയുടെ ലോകത്തിന് ചുറ്റും രസകരവും വൈവിധ്യമാര്‍ന്നതുമായ സ്ത്രീ കഥാപാത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. അയല്‍ക്കാരികള്‍ മുതല്‍, ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി കുപ്പിയും പാട്ടയും പെറുക്കുന്ന തമിഴത്തി വരെ, ഓരോ സ്ത്രീയും അതിസൂക്ഷ്മതയോടെ സിനിമയില്‍ അടയാളപ്പെടുത്തപ്പെടുന്നു. യാഥാസ്ഥിതിക ചിന്തകളെ പിന്തുടരുന്നവര്‍, പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നവര്‍, അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ നിറവില്‍ ജീവിക്കുന്നവര്‍... എന്നിങ്ങനെ വിവിധ മാനസികാവസ്ഥകളും ജീവിത സാഹചര്യങ്ങളുമുള്ള സ്ത്രീകളെ 'ഫെമിനിച്ചി ഫാത്തിമ' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.
പുരുഷാധിപത്യസമൂഹം സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അധികാരം ഉറപ്പിക്കാനുള്ള പ്രഹസനങ്ങള്‍ എന്നിവയെല്ലാം സംവിധായകന്‍ കൃത്യമായി വരച്ചുകാട്ടുന്നു. അഷ്‌റഫ് എന്ന കഥാപാത്രത്തെ പുരുഷാധിപത്യത്തിന്റെ ഒരു കാരിക്കേച്ചറായി തന്നെ കണക്കാക്കാം. സമൂഹത്തില്‍ പേരും വിലയുമുള്ള ഒരു ഉസ്താദായിരുന്നിട്ടും, വീട്ടില്‍ ഫാത്തിമയെ എല്ലാ കാര്യങ്ങള്‍ക്കും അയാള്‍ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. വീട്ടില്‍ മോശമായ എന്ത് സംഭവിച്ചാലും അതിന്റെ കുറ്റപ്പെടുത്തല്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടത് ഫാത്തിമയാണ് എന്നതാണ് ആ വീട്ടിലെ അലിഖിത നിയമം.
കുടുംബത്തില്‍ അധികാരം ഉറപ്പിക്കാനുള്ള അയാളുടെ പ്രഹസനങ്ങളെയും, സ്വന്തം സൗകര്യങ്ങള്‍ക്കായി മതനിയമങ്ങളെ വളച്ചൊടിക്കുന്നതിനെയും സിനിമ സര്‍കാസത്തോടെ ചോദ്യം ചെയ്യുന്നു. ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടുന്നതിന്റെ ഉദാഹരണമാണ്, സ്വന്തം ഫേസ്ബുക്ക് 'ഇല്‍മ്' ആവുകയും അയല്‍ക്കാരിയുടെ ഇന്‍സ്റ്റഗ്രാം 'ളുല്‍മ്' ആവുകയും ചെയ്യുന്നത്.
സമൂഹത്തില്‍ അധികാരം സ്ഥാപിക്കുന്ന ഈ ഉസ്താദിന്, വീട്ടില്‍ ഫാത്തിമയോടുള്ള ആശ്രിതത്വം എത്രത്തോളമാണ് എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ വസ്തുത. ഫാനിടാന്‍ പോലും കൈപൊങ്ങാത്ത, ഒരു കുക്കര്‍ തുറക്കാന്‍ പോലും ആശയക്കുഴപ്പത്തിലാവുന്ന അയാള്‍, മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ ചെരിപ്പെടുത്തുതരാന്‍ പോലും ഫാത്തിമയെ ആശ്രയിക്കുന്ന ഒരു 'അല്‍പ്പന്‍ കഥാപാത്രമാണ്'.
ചിത്രത്തിന്റെ നട്ടെല്ല് ഷംലയുടെ പ്രകടനമാണ്. നിസ്സഹായതയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നവളാണ് ഫാത്തിമ. ഫാത്തിമയുടെ സങ്കടങ്ങളെയും ചെറുത്തുനില്‍പ്പിനെയും ഷംല അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിച്ചു. പേട്രിയാര്‍ക്കിയല്‍ നിലപാടുകള്‍ മുറുകെ പിടിക്കുന്ന, എന്നാല്‍ ഒരു കുക്കര്‍ തുറക്കാന്‍ പോലും അറിയാത്ത അല്‍പ്പനായ ഉസ്താദിനെ കുമാര്‍ സുനില്‍ ഗംഭീരമാക്കി. ചിത്രത്തില്‍ ചെറുതും വലുതുമായ റോളില്‍ വന്നുപോവുന്ന ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധം സ്വാഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.
'ഫെമിനിച്ചി ഫാത്തിമ' എന്ന പേരിലേക്കുള്ള ഫാത്തിമയുടെ സഞ്ചാരമാണ് ചിത്രത്തിന്റെ കാതല്‍. ''ഫെമിനിച്ചികള്‍ ഉണ്ടാവുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്!' എന്നൊരു ടാഗ് ലൈന്‍ ഈ സിനിമയ്ക്ക് അനുയോജ്യമായിരിക്കും. അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നിടത്ത്, അതിനെ ചോദ്യം ചെയ്യുന്നിടത്താണ് ഫാത്തിമയ്ക്ക് 'ഫെമിനിച്ചി' എന്ന വിളിപ്പേര് കിട്ടുന്നത്.
മുടി ബോബ് ചെയ്ത്, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ട്, ക്ലബ്ബുകളില്‍ കയറിയിറങ്ങി നടക്കുന്ന സ്ത്രീകളാണ് ഫെമിനിച്ചികള്‍ എന്നൊരു പൊള്ളയായ ഇമേജ് ഒരുകാലത്ത് സ്ത്രീകള്‍ക്ക് ചാര്‍ത്തി തന്നതും മലയാള സിനിമയാണ്. അത്തരം പൊള്ളയായ നിര്‍വചനങ്ങളെ തിരുത്തിക്കൊണ്ട്, ഫെമിനിസമെന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടമാണെന്ന് ഈ സിനിമ അടിവരയിട്ട് പറയുന്നു.
ഫെമിനിസം എന്നത് സ്ത്രീകളുടെ മേല്‍ക്കോയ്മയല്ല, മറിച്ച് മാനുഷികമായ പരിഗണനയാണ് എന്നും അതിനുവേണ്ടിയാണ് ഇന്നും എത്രയോ സ്ത്രീകള്‍ പോരാടുന്നതെന്നും വൃത്തിയായി പറഞ്ഞുവയ്ക്കുന്നുണ്ട് ചിത്രം. ഒപ്പം, സാമ്പത്തികമായ സ്വയംപര്യാപ്തതയാണ് സ്ത്രീകളുടെ വിമോചനമെന്നും ചിത്രം ഏറ്റവും സ്വാഭാവികമായി പറയുന്നു.
പ്രിന്‍സ് ഫ്രാന്‍സിസിന്റെ ഛായാഗ്രഹണം ആ കടലോര ഗ്രാമത്തിലെ ഏതോ ഒരു വീട്ടിലിരുന്ന് ഫാത്തിമയുടെ ജീവിതം കാണുന്നത്ര അടുപ്പം പ്രേക്ഷകന് നല്‍കുന്നു. കബീറിന്റെ സംഗീതവും സച്ചിന്‍ ജോസിന്റെ ശബ്ദരൂപകല്‍പ്പനയും (സിനിമയുടെ ടോണിനോട് നീതി പുലര്‍ത്തുന്നു. ഫാസിലിന്റെ മികച്ച എഴുത്ത്, സംവിധാനം, എഡിറ്റിംഗ് എന്നിവയും ആഗ്‌നേയുടെ കലാസംവിധാനവും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തിന് മിഴിവേകി.
പ്രേക്ഷകരെ രസിപ്പിക്കുകയും അതേ സമയം ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന 'ഫെമിനിച്ചി ഫാത്തിമ' മലയാള സിനിമയുടെ പുതിയ വഴിത്തിരിവുകളില്‍ ഒന്നാണ്.