ശ്യാം ബെനഗലിന് വിട: സമാന്തര സിനിമയുടെ യുഗാന്ത്യം

ഗിരീഷ് കര്‍ണാട്, സ്മിത പാട്ടീല്‍, നസീറുദ്ദീന്‍ ഷാ, അനന്ത് നാഗ്, അംരിഷ് പുരി തുടങ്ങി വന്‍ താര നിരകളെ അണിനിരത്തിയാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭ്രപാളിയില്‍ എത്തിച്ചിരുന്നത്

author-image
Prana
New Update
shyam bengal

shyam bengal Photograph: (shyam bengal)

അങ്കുര്‍, ഭൂമിക, നിഷാന്ത്, മന്തന്‍ എന്നിങ്ങനെ ഇന്ത്യന്‍ സമാന്തര സിനിമയുടെ യുഗത്തിന് ജീവന്‍ നല്‍കിയ ഇതിഹാസ സംവിധായകന്‍ ശ്യാം ബെനഗലിന് വിട. 90ാമത്തെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മുംബൈയില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. വൃക്ക രോഗബാധിതനായിരുന്നു. ബെനഗലിന്റെ വിട വാങ്ങലോടെ ബദല്‍ സിനിമയിലെ ഇതിഹാസ കണ്ണിയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാവുന്നത്. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ അദ്ദേഹം അരനൂറ്റാണ്ട് മുന്‍പ് പുറത്തിറക്കിയ മന്തന്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് മാത്രം മതി സിനിമാലോകത്തെ അദ്ദേഹത്തിന്റെ സംഭാവന മനസിലാക്കാന്‍. ഗിരീഷ് കര്‍ണാട്, സ്മിത പാട്ടീല്‍, നസീറുദ്ദീന്‍ ഷാ, അനന്ത് നാഗ്, അംരിഷ് പുരി തുടങ്ങി വന്‍ താര നിരകളെ അണിനിരത്തിയാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭ്രപാളിയില്‍ എത്തിച്ചിരുന്നത്. പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗല്‍.
പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധര്‍ ബി, ബെനഗലിന്റെ മകനായി 1934 ഡിസംബര്‍ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കര്‍ണാടക സ്വദേശിയായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സിലാണ് ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തിയത്. ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
1973 ലാണ് ആദ്യ സിനിമ അങ്കുര്‍ എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥന്‍, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗല്‍ കണക്കാക്കപ്പെട്ടു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായിരുന്നു. രണ്ടു തവണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായിരുന്നു. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

 

 

 

film