ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം ; കൈപിടിച്ചുയർത്തിയത് മെഗാസ്റ്റാർ

സിനിമയില്‍ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന്‍ മേഘനാഥന്‍ വിടപറഞ്ഞു. അനശ്വര നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാഥന് ഒരുപക്ഷേ സിനിമയില്‍ അര്‍ഹിക്കുന്ന പ്രധാന്യം കിട്ടിയില്ല.

author-image
Rajesh T L
New Update
JH

സിനിമയില്‍ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന്‍ മേഘനാഥന്‍ വിടപറഞ്ഞു.അനശ്വര നടന്‍ ബാലന്‍ കെ  നായരുടെ മകനായ മേഘനാഥന് ഒരുപക്ഷേ സിനിമയില്‍ അര്‍ഹിക്കുന്ന പ്രധാന്യം കിട്ടിയില്ല.

30 വര്‍ഷം മുമ്പാണ് മേഘനാഥന്റെ ആദ്യ ചിത്രം പുറത്തുവന്നത്. മലയാള സിനിമയുടെ വ്യാകരണം തിരുത്തി എഴുതിയ പി എന്‍ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെ. അന്ന് താരതമ്യേന പുതുമുഖങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലിനുമൊപ്പമായിരുന്നു സിനിമയിലെ അരങ്ങേറ്റം.

സിനിമയില്‍ തട്ടിയും മുട്ടിയും മുന്നോട്ടുപോയ മേഘനാഥന് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രേക്കായത് മറ്റൊരു മമ്മൂട്ടി ചിത്രം.ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത മറവത്തൂര്‍ കനവിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.മറവത്തൂര്‍ കനവ് പൂര്‍ത്തിയായി യാത്രപറയുമ്പോള്‍ മേഘനാഥനോട് മമ്മൂട്ടി പറഞ്ഞു:അടുത്ത സിനിമയില്‍ വിളിക്കാം. 

മമ്മൂട്ടി വാക്കുപാലിച്ചു കെ മധു സംവിധാനം ചെയ്ത ഗോഡ് മാനിലേക്ക് വീണ്ടും വിളിയെത്തി.ഗോഡ്മാനില്‍ അഭിനയിക്കുമ്പോള്‍ തന്നെ മറ്റൊരു മമ്മൂട്ടി ചിത്രം തച്ചിലേടത്ത് ചൂണ്ടനിലും അവസരം ലഭിച്ചു. 

വര്‍ഷങ്ങള്‍ക്കിപ്പുറം മേഘനാഥന് സിനിമയില്‍ പുനര്‍ജന്മം കിട്ടിയത് മറ്റൊരു മമ്മൂട്ടി ചിത്രത്തിലൂടെ.ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനിലെ മാനസാന്തരപ്പെട്ട കുടിയന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എബ്രിഡ് ഷൈനിന്റെ ട്രെന്‍ഡ് സെറ്റര്‍ മൂവി ആക്ഷന്‍ ഹീറോ ബിജുവിലെ ചെറിയ വേഷം കണ്ടാണ് ചിത്രത്തിലേക്ക് മേഘനാഥനെ ജോണി ആന്റണി കാസ്റ്റ് ചെയ്തത്.

തോപ്പില്‍ ജോപ്പനിലൂടെ താനും മാനസാന്തരപ്പെട്ടെന്നാണ് മേഘനാഥന്‍ പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞത്. ഈ ചിത്രത്തിനു ശേഷം കഥാപാത്രങ്ങള്‍ ഓരോന്നായി മേഘനാഥനെ തേടിയെത്തി. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ കഥാപാത്രം എടുത്തുപറയണം.

ദേശീയ പുരസ്‌കാരം വരെ നേടിയ ബാലന്‍ കെ നായരുടെ മകന് സിനിമയില്‍ അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയോ? ഇല്ലെന്നു തന്നെ പറയാം.സ്ഥിരം വില്ലന്‍ വേഷങ്ങള്‍ മേഘനാഥന് തന്നെ മടുത്തിട്ടുണ്ടാവും.തിരുവനന്തപുരത്തു ജനിച്ച മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനില്‍നിന്നായിരുന്നു. കോയമ്പത്തൂരില്‍നിന്ന് ഓട്ടമൊബീല്‍ എന്‍ജീയറിങ്ങില്‍ ഡിപ്ലോമ നേടി. ഇടയ്ക്ക് കര്‍ഷകന്റെ റോളിലും ജീവിതത്തില്‍ മേഘനാഥന്‍ പ്രത്യക്ഷപ്പെട്ടത് നമ്മള്‍ കണ്ടു. ഒടുവില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബാക്കിയാക്കി മേഘനാഥന്‍ അകാലത്തില്‍ വിടപറഞ്ഞു.

actor mammootty actor