29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. ജൂറിയുടെ ചെയര്‍പേഴ്സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാര്‍ദാണ്.
മാര്‍ക്കോസ് ലോയ്സ, നാനാ ജോര്‍ജഡ്സെ, മിഖായേല്‍ ഡോവ്ലാത്യന്‍, മൊഞ്ചുള്‍ ബറുവ എന്നിവരും ജൂറിയിലുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി വിലയിരുത്തും. സിനിമാപ്രേമികള്‍ക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ടെക്സ്ച്വല്‍ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തില്‍ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറുമാണ് ആഗ്നസ് ഗൊദാര്‍ദ്. 1951 മെയ് 28ന് ഫ്രാന്‍സില്‍ ജനിച്ച ആഗ്നസ് ഗൊദാര്‍ദിന് 2001ല്‍ മികച്ച ഛായാഗ്രാഹകയ്ക്കുള്ള സീസര്‍ അവാര്‍ഡ് ലഭിച്ചു. ലാ ഫെമി ഫിലിം സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആഗ്നസ് വിം വെന്‍ഡേഴ്സ് ചിത്രങ്ങളില്‍ ക്യാമറ സാങ്കേതിക സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ബ്യു ട്രവയല്‍ (1999),ഹോം (2008) വിങ്‌സ് ഓഫ് ഡിസൈര്‍ (1987 ) തുടങ്ങിയവ ആഗ്നസ് ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന ചിത്രങ്ങളാണ്.
ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ക്ലെയര്‍ ഡെന്നിസിനോടൊപ്പം ദീര്‍ഘകാലം ആഗ്നസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലെ കാന്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ സിനിമോട്ടോഗ്രഫി പുരസ്‌കാര ജേതാവാണ്. ബോസ്റ്റണ്‍ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സിന്റെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരത്തിന് ആഗ്നസിനെ അര്‍ഹമാക്കിയ ബ്യു ട്രവയല്‍ എന്ന ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്ലെയര്‍ ഡെനീസ് സംവിധാനം ചെയ്ത ബ്യൂ ട്രവയല്‍ എന്ന ചിത്രം ആത്മ സംഘര്‍ഷങ്ങളുടെയും പക പോക്കലുകളുടേയും കഥ പറയുന്നു. ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗലോപ്, ജിബൂട്ടിയിലെ തന്റെ കഴിഞ്ഞകാലം ഓര്‍ത്തെടുക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
2000 ല്‍ വില്ലേജ് വോയ്സ് ഫിലിം പോളില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം, 2001 ല്‍ മികച്ച ഛായാഗ്രഹണത്തിനുള്ള ക്ലോട്രൂഡിസ് അവാര്‍ഡ്, നോര്‍ത്ത് കരോലിന ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ബെസ്റ്റ് റിസ്റ്റോറേഷന്‍ അവാര്‍ഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടുകള്‍ നല്‍കുന്ന പ്രമുഖ ബൊളീവിയന്‍ സംവിധായകനാണ് മാര്‍ക്കോസ് ലോയ്സ. ദാരിദ്ര്യം, അസമത്വം,തനത് സംസ്‌കാരം എന്നീ പ്രമേയങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയിലെ പ്രത്യേകതകളാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ലോയ്സിന്റെ ചിത്രങ്ങളാണ് എ മാറ്റര്‍ ഓഫ് ഫെയ്ത്ത്(1995), ദി ഹാര്‍ട്ട് ഓഫ് ജീസസ്(2003) ദി സ്ലീപിംഗ് ബ്യൂട്ടീസ് (2012). സമൂഹത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങി, കാലാവസ്ഥാ വ്യതിയാനത്തിന്റെയും സാമൂഹിക പ്രശ്‌നങ്ങളുടെയും ആഘാതം ഉയര്‍ത്തിക്കാട്ടി ബൊളീവിയന്‍ സംസ്‌ക്കാരത്തെയും ചരിത്രത്തെയും ലോയ്സയുടെ സിനിമകള്‍ പ്രതിഫലിപ്പിക്കുന്നു. ലോയ്സയുടെ അവെര്‍ണോയാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്ന സിനിമ.