സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിക്ക് കുരുക്കായത് ഗൂഗിള്‍ പേ. പൊറോട്ട കഴിച്ച ശേഷം പണം കൊടുത്തത് ഗൂഗിള്‍ പേയിലൂടെയാണ്. ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസ് എത്തിയത് പ്രതി കഴിച്ച പൊറോട്ടയുടെ പിന്നാലെ നടത്തിയ അന്വേഷണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രതി വര്‍ളിക്ക് സമീപത്തെ കടയില്‍ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗില്‍ പേയിലൂടെ നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.
70 മണിക്കൂര്‍ മുംബൈ പൊലീസിനെ വട്ടം കറക്കിയ പ്രതിയെ പിടികൂടാന്‍ 600ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു.ഇതിനിടയിലായിരുന്നു ഗൂഗിള്‍ പേ ഇടപാട് വഴിത്തിരിവായത്. വര്‍ളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള കച്ചവടക്കാരനില്‍ നിന്നായിരുന്നു പ്രതി പൊറോട്ടയും വെള്ളവും വാങ്ങിയത്.തുക ഗൂഗിള്‍ പേ വഴി നല്‍കി.
കച്ചവടക്കാരനെ പൊലീസ് വിശദമായി ചോദ്യംചെയ്തതിലൂടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു.വൈകാതെ പ്രതിയെ താനെയില്‍ നിന്നും പിടികൂടുകയായിരുന്നു.താനെയിലെ ലേബര്‍ ക്യാംപിന് സമീപത്തെ കണ്ടല്‍ക്കാടുകളില്‍ നിന്നായിരുന്നു പ്രതി പിടിയിലായത്.
വര്‍ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സെഞ്ച്വറി മില്ലിനടുത്തു പ്രതി കുറച്ചു നാളുകളായി താമസിച്ചിരുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഏഴു സംഘങ്ങളായി തിരിഞ്ഞ് വര്‍ളി-കോളിവാഡ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു അന്വേഷണ സംഘം.
അതിനിടെ, വീട്ടില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം പുനരാവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് മുംബൈ പൊലീസ്.പ്രതി സെയ്ഫ് അലിഖാന്റെ വസതിയില്‍ കയറിയത് അടക്കമുള്ള കാര്യങ്ങള്‍ പുനരാവിഷ്‌കരിക്കും. സത്ഗുരു ശരണ്‍ ബില്‍ഡിംഗിലുള്ള സെയ്ഫ് അലിഖാന്റെ വീട്ടിലേക്ക് പൊലീസ് പ്രതിയെ എത്തിക്കും.
ബംഗ്ലാദേശ് രാജ്ഭാരി സ്വദേശിയായ ഷരീഫുള്‍ ഇസ്ലാം മാള്‍ഡ വഴിയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.ഇന്ത്യയിലേക്ക് എത്താന്‍ ഒരു ഏജന്റ് പ്രതിയെ സഹായിച്ചു എന്ന നിര്‍ണായക വിവരവും പുറത്ത് വന്നിട്ടുണ്ട്.
സെയ്ഫ് അലി ഖാന്‍ താമസിക്കുന്ന 13 നില കെട്ടിടത്തില്‍ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടര്‍ന്ന് 11-ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്.പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടര്‍ന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു. പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടര്‍ന്ന് സെയ്ഫ് അലി ഖാന്‍ ഇവിടേക്ക് എത്തുകയായിരുന്നു.
അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച നടനെ കൈയിലെ കത്തി ഉപയോഗിച്ച് പ്രതി കുത്തുകയായിരുന്നു.പ്രതിയെ വീടിനുള്ളിലാക്കി നടന്‍ വാതില്‍ അടച്ചെങ്കിലും കുളിമുറിയില്‍ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി, സ്റ്റെപ്പ് വഴി രക്ഷപ്പെട്ടു.
ശേഷം പ്രതി രാവിലെ ഏഴു മണിവരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി. തുടര്‍ന്ന് ട്രെയിനില്‍ മധ്യ മുംബൈയിലെ വര്‍ളിയില്‍ ഇറങ്ങുകയായിരുന്നു.പ്രതിയുടെ ബാഗില്‍നിന്ന് ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.മോഷണത്തിനാണു കെട്ടിടത്തില്‍ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം മൊഴി നല്‍കി.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്.സെയ്ഫിന്റെ മകന്‍ ജേഹിന്റെ റൂമില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് സെയ്ഫ് അലി ഖാന് ചെയ്തത്. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം പുറത്തെടുത്തു.ആറ് തവണയാണ് നടന് കുത്തേറ്റത്