/kalakaumudi/media/media_files/2025/08/28/hrddd-2025-08-28-19-43-20.jpg)
തിരുവനന്തപുരം: പേരു പോലെ തന്നെ ഇടയ്ക്ക് പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടു പോവുന്ന ഒരു ഫീല്‍ ഗുഡ് ചിത്രം, സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ ഹൃദയപൂര്‍വ്വത്തെ ഒറ്റ വാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ഒരു വൈകാരിക പരിസരം എവിടെയൊക്കെയോ സൂക്ഷിക്കുമ്പോഴും കുറേക്കൂടി ഫ്രഷ്‌നെസ്സ് ഫീല്‍ ചെയ്യുന്നൊരു കഥാപരിസരമാണ് ഹൃദയപൂര്‍വ്വത്തില്‍ കാണാനാവുക.
കൊച്ചിയില്‍ ഒരു ക്ലൗഡ് കിച്ചന്‍ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണന്‍. ഹൃദയത്തിനു ചില തകരാറുകളുള്ള സന്ദീപ് ഒരു ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നു. വിജയകരമായ ആ ശസ്ത്രക്രിയയ്ക്ക് ഒടുവില്‍, ഒരു പുതിയ ഹൃദയം അയാളില്‍ മിടിച്ചു തുടങ്ങുന്നു.
പുതിയ ഹൃദയതുടിപ്പുകള്‍ മാത്രമല്ല, അയാളില്‍ മിടിക്കുന്ന ആ ഹൃദയത്തെ തേടി ചില പ്രിയപ്പെട്ടവര്‍ കൂടി സന്ദീപിന്റെ ജീവിതത്തിലേക്ക് എത്തുകയാണ്. അതോടെ അയാളുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നു. പുതിയ ഹൃദയത്തിനു മുന്‍പും ശേഷവുമായി സന്ദീപിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
വളരെ കൂളായ മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാനാവുക. സന്ദീപ് എന്ന കഥാപാത്രത്തിന്റെ പരുങ്ങലുകളെയും കണ്‍ഫ്യൂഷനുകളെയുമെല്ലാം ഏറ്റവും രസകരമായി തന്നെ മോഹന്‍ലാലില്‍ കാണാനാവും. സന്ദീപ്- ജെറി കോമ്പോയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടു കൊണ്ടുപോവുന്നത്. മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ആ കെമിസ്ട്രി ചിത്രത്തിനുടനീളം ഗുണം ചെയ്യുന്നുണ്ട്.
അച്ഛന്റെ ഓര്‍മകളെ ഏറ്റവും തീവ്രമായി ചേര്‍ത്തുപിടിക്കുന്ന ഹരിതയായി മാളവികയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സംഗീത, സിദ്ദീഖ് എന്നിവരും തങ്ങളുടെ റോളുകളില്‍ തിളങ്ങുന്നുണ്ട്. സിദ്ദിഖിന്റെ അളിയന്‍ കഥാപാത്രം കണ്ടിരിക്കെ, അത് യഥാര്‍ത്ഥത്തില്‍ ഇന്നസെന്റിനു വേണ്ടി എഴുതപ്പെട്ട ഒന്നാണോ എന്നു തോന്നി. ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. സര്‍പ്രൈസ് സമ്മാനിച്ച് കൊണ്ട് മലയാളികള്‍ക്കേറെ പ്രിയപ്പെട്ട രണ്ടു മുന്‍നിര അഭിനേതാക്കളും അതിഥി വേഷത്തില്‍ വന്നു പോവുന്നുണ്ട്.
കേരളത്തില്‍ നിന്നും പൂനെയിലേക്കുള്ള ആ ഷിഫ്റ്റും കാഴ്ചയ്ക്ക് ഫ്രെഷ്‌നെസ്സ് സമ്മാനിക്കുന്നുണ്ട്. സന്ദീപിനും ജെറിയ്ക്കുമൊപ്പം പ്രേക്ഷകരും ഒരു പുതിയ നഗരത്തിലെത്തിയ ഫീല്‍ ഉടനീളം ചിത്രത്തില്‍ അനുഭവപ്പെടുന്നു. കേരളത്തിന്റെ ഗ്രാമീണപരിസരം ഏറ്റവും മനോഹരമായി ആവിഷ്‌കരിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. പൂനെയുടെ അര്‍ബന്‍ ജീവിതവും അതിന്റെ തനിമയോടെ തന്നെ ഉള്‍കൊള്ളാനും ഏറ്റവും മനോഹരമായി പോര്‍ട്രെ ചെയ്യാനും അന്തിക്കാടിനു കഴിഞ്ഞിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്. അതിവൈകാരികതയിലേക്ക് വീണു പോവാതെ തീര്‍ത്തും സ്വാഭാവികതയോടെയാണ് കഥാമുഹൂര്‍ത്തങ്ങളെ തിരക്കഥ ആവിഷ്‌കരിക്കുന്നത്.
അനൂപ് സത്യനും ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍, പതിവുപോലെ ആന്റണി പെരുമ്പാവൂരും പ്രത്യക്ഷപ്പെടുന്നുണ്ട്.
മാറി ചിന്തിച്ചു തുടങ്ങിയ, പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഒരു സത്യന്‍ അന്തിക്കാടിനെ ഹൃദയപൂര്‍വ്വത്തില്‍ കാണാം. ധാരാളം ഫണ്‍ മൊമന്റുകളുള്ള ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ദൗത്യം മനോഹരമായി തന്നെ നിറവേറ്റുന്നുണ്ട് ഹൃദയപൂര്‍വ്വം. ഒരു ചെറുപുഞ്ചിരിയോടെ മാത്രമേ നിങ്ങള്‍ക്ക് ഈ ചിത്രം കണ്ടിറങ്ങാനാവൂ.