മലയാളസിനിമയെ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക്: എസ് ശാരദക്കുട്ടി

ചെറിയ വേഷങ്ങളിലൂടെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് താരം മലയാള സിനിമ ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്.

author-image
Anagha Rajeev
New Update
s saradhakutty

നടൻ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പണിയുടെ റിവ്യു പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾ പുകയുകയാണ്. നിരവധിപേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറെ കാലം മുൻപ് തന്നെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ജോജു ജോർജ്ജ്. ചെറിയ വേഷങ്ങളിലൂടെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് താരം മലയാള സിനിമ ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്.

സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തൻ്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു ജോർജ് പറഞ്ഞത്. 

സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ നടനെതിരെ വിമർശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്കാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണ്ണരൂപം

നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോൾ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന, ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.
ആദർശിൻ്റെ റിവ്യു , attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈൽ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങൾ മുടക്കിയ വലിയകാശ് നിങ്ങൾക്ക് ലാഭമാക്കി മാറ്റണമെങ്കിൽ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം. ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോൾ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതൽ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം.’

 

 

joju goerge