/kalakaumudi/media/media_files/2025/09/30/high-2025-09-30-17-34-38.jpg)
മുംബൈ: ഹിന്ദി സിനിമ 'ജാനകി'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനു ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രത്തിന്റേയും കഥാപാത്രങ്ങളുടേയും പേര് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്.
എന്തിനാണ് പേരുകള്‍ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ആറിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് കൃത്യമായ മറുപടി നല്‍കണമെന്നും ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കൗശല്‍ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്ഗഢില്‍ വലിയ വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാനകി, രഘുറാം എന്നീ പേരുകള്‍ മാറ്റമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചില്ല. പിന്നീട് പല തവണ ബോര്‍ഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയൈാണ് കോടതിയില്‍ പോയത്.
സുരേഷ് ഗോപി ചിത്രമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന മലയാള ചിത്രത്തിനും ഇതേ ആവശ്യം ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. പിന്നീട് ജെഎസ്‌കെ എന്ന പേരിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിനു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി. വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം.