ജോജു ജോർജ്‌ ചിത്രം പണിക്ക് യുഎ സർട്ടിഫിക്കറ്റ്;  ഒക്ടോബർ 24 -ന് തീയേറ്ററിലേക്ക്

ഒക്ടോബർ 24 -നാണ് ചിത്രം തീയേറ്ററിലെത്തുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

author-image
anumol ps
New Update
pani movie

നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'പണി'ക്ക് യുഎ സർട്ടിഫിക്കറ്റ്. ചിത്രം ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്റർടെയ്നറാണെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ഒക്ടോബർ 24 -നാണ് ചിത്രം തീയേറ്ററിലെത്തുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും 'മറന്നാടു പുള്ളേ...' എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ജോജുവിൻറെ നായികയായി എത്തുന്ന അഭിനയ, യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിൻറെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെയും, എഡി സ്റ്റുഡിയോസിൻറെയും, ശ്രീ ഗോകുലം മൂവീസിൻറെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

 വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐ.എസ്.സി., ജിന്റോ ജോർജ്. എഡിറ്റർ: മനു ആൻറണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്.

pani release joju george