ജോജുവിന് മുട്ടന്‍ പണി വരുന്നു?

ചെറിയ ചെറിയ റോളുകളിലൂടെ എത്തി, വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ സിനിമയില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജു. ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി.

author-image
Rajesh T L
New Update
YY

ചെറിയ ചെറിയ റോളുകളിലൂടെ എത്തി, വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ സിനിമയില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജു. ജോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത, ചിത്രത്തെ കുറിച്ചുള്ള കുറിപ്പില്‍ പ്രകോപിതനായി, കുറിപ്പിട്ടയാളെ ജോജു വിളിച്ചതാണ് വിവാദമായത്. ഗവേഷക വിദ്യാര്‍ത്ഥിയായ ആദര്‍ശാണ് ചിത്രത്തിന്റെ റിവ്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

സിനിമയിലെ ബലാത്സംഗ സീനിനെക്കുറിച്ച് വിമര്‍ശിച്ചതിനാണ് ജോജു തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് ആദര്‍ശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജോജു ഭീഷണിപ്പെടുത്തിയെന്നാണ് ആദര്‍ശ് പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോയും ആദര്‍ശ് പങ്കുവച്ചു. ഇതോടെയാണ് സംഭവം ചര്‍ച്ചയായത്. 

താരം തന്നെ ഭീഷണിപ്പെടുത്തിയതായി ഗവേഷക വിദ്യാര്‍ഥിയായ ആദര്‍ശ് എച്ച്.എസ്. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സഹിതം ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. നടനെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

എല്ലാ സിനിമകളും കാണുന്നയാളാണ് താനെന്ന് ഓഡിയോയില്‍ ആദര്‍ശ് പറയുന്നുണ്ട്. നിന്നെ എല്ലാ സിനിമയും കാണിക്കുന്നുണ്ടെന്നായിരുന്നു ജോജുവിന്റെ മറുപടി. കാശ് കൊടുത്ത് സിനിമ കണ്ടിട്ടുള്ളയാളാണ് താനെന്നും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ആദര്‍ശ് പറയുന്നു. നിനക്ക് ധൈര്യമുണ്ടോടാ, എന്റെ മുന്നില്‍ വരാന്‍ എന്നാണ് ജോജു ചോദിക്കുന്നത്. തനിക്ക് പേടിയില്ലെന്നും അഡ്രസ് പറഞ്ഞുതരാം വന്ന് കണ്ടോളൂ എന്നും ആദര്‍ശ് ജോജുവിനോട് പറഞ്ഞു. 

സിനിമയെക്കുറിച്ച് തനിക്ക് പഠിപ്പിച്ചു തരണമെന്നും എവിടെ വരണമെന്നും നടന്‍ ചോദിക്കുന്നുണ്ട്. പത്തിരുപതു കോടി മുടക്കി നിര്‍മിച്ച പടത്തെക്കുറിച്ച് റിവ്യൂ എഴുതി വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയാണെന്നാണ് ജോജു പറയുന്നത്. ജോസഫ് പോലുള്ള നല്ല സിനിമകള്‍ ചെയ്ത ഒരാള്‍ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ പ്രകോപിതനാകണ്ട കാര്യമെന്താണെന്ന് ആദര്‍ശ് പറയുമ്പോള്‍ 'കൊച്ചെര്‍ക്കാ, ഞാന്‍ പ്രകോപിതനായാല്‍ നീ മുള്ളിപ്പോകും' എന്നാണ് ജോജുവിന്റെ പ്രതികരണം.

ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്നാണ് ആദര്‍ശ് പറയുന്നത്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്. ആദര്‍ശ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയില്‍ അത് ചിത്രീകരിക്കുമ്പോള്‍ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാല്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ റേപ്പ് സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്‌ജെക്ടിഫൈ ചെയ്യും വിധവുമാണ്.

എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനില്‍ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് എംപതി തോന്നേണ്ടത് ആ റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയില്‍ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. 'ദ റേപ്പിസ്റ്റ്' പോലെയുള്ള ചിത്രങ്ങള്‍ റഫറന്‍സായി സ്വീകരിച്ചാല്‍ എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത് എന്നതില്‍ വ്യക്തത ലഭിക്കുന്നതാണ്. ആദര്‍ശ് പറയുന്നു.

പണി സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്നാമ് ആദര്‍ശ് പറയുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ കാണുന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് റിവ്യൂ എഴുതിയത്. സിനിമ മോശം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ആദര്‍ശ് പറഞ്ഞു.

ജനങ്ങള്‍ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങള്‍ തിരിച്ചറിയും. ചിത്രത്തിന്റെ ക്ലൈമാക്‌സൊക്കെ വളരെയധികം വയലന്‍സുള്ള ക്ലൈമാക്‌സാണ്. എട്ടും പത്തും വയസുള്ള കുട്ടികള്‍ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ട് ഏതെങ്കിലും രീതിയില്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചാല്‍ ജോജു ജോര്‍ജ് സമാധാനം പറയുമോ? അല്ലെങ്കില്‍ ഇവിടുത്തെ സെന്‍സര്‍ ബോര്‍ഡ് സമാധാനം പറയുമോ? അങ്ങനെയുള്ളവര്‍ക്ക് ഒരു ട്രിഗറിംഗ് ഉണ്ടാവരുതെന്ന് മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ അത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. അല്ലാതെ ആ സിനിമയെ ഏതെങ്കിലും രീതിയില്‍ ഡീഗ്രേഡ് ചെയ്യണമെന്ന് കരുതിയിട്ടില്ല.

സിനിമ നല്ലതാണെന്ന ഒരു പെയ്ഡ് പ്രമോഷന്‍ ഉണ്ടാക്കിവച്ചിട്ട് തിയറ്ററില്‍ പോയി കാണുമ്പോള്‍ ട്രിഗറിംഗ് അനുഭവിക്കേണ്ടി വരുന്ന മനുഷ്യന് നാളെ ഉപഭോക്തൃ കോടതിയില്‍ പോയി പരാതി കൊടുക്കാന്‍ പറ്റുമോ? ഞാന്‍ എനിക്ക് തോന്നിയ കാര്യം വളരെ ചെറിയൊരു ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതിന് ഇത്ര പ്രകോപിതനാകണ്ട കാര്യമില്ല. താന്‍ വസ്തുതകള്‍ മാത്രമാണ് ഷെയര്‍ ചെയ്തതെന്നും ആദര്‍ശ് ഒരു മലയാളം ചാനലിനോട് പറഞ്ഞു.

actor joju george controversy