ഹൃദയസ്പര്‍ശിയായ സംഭവങ്ങളിലൂടെ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷന്‍ ഓസ്‌ട്രേലിയയില്‍ ചിത്രീകരണം ആരംഭിച്ചു.

മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷന്‍ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യന്‍,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്.

author-image
Sneha SB
New Update
DOCU FICTION


മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷന്‍ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യന്‍,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ മാത്യു ആണ്. 

ബ്രിസ്ബെന്‍ ഇന്‍ഡോറൂപ്പിള്ളിയില്‍ ജോയ് കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നടനും എഴുത്തുകാരനും ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റര്‍ ചിത്രീകരണോദ്ഘാടനം നിര്‍വ്വഹിച്ചു .ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെന്‍, നടിമാരായ ജെന്നിഫര്‍,ലിയോണി,അലന നടന്‍മാരായ പോള്‍,നിജില്‍,ഫ്രഡി,ഡേവിഡ്,ടാസോ,ഛായാഗ്രാഹകന്‍ മുറായി എന്നിവര്‍ സംസാരിച്ചു.

പ്രകൃതിയുടെ ഹൃദയത്തോട് ചേര്‍ന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്‌കാരപരമായ പ്രാധാന്യം, മനുഷ്യന്‍ അനുഭവിക്കുന്ന പ്രകൃതിസംഘര്‍ഷം, പരിസ്ഥിതി നിലനില്‍പ്പിന്റെ സങ്കീര്‍ണത തുടങ്ങിയവയിലൂടെ കങ്കാരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദൃശ്യമാന ചരിത്രം സൃഷ്ടിക്കുകയാണ് ഡോക്യൂഫിക്ഷന്റെ ലക്ഷ്യം.

''കങ്കാരു  ഓസ്ട്രേലിയയുടെ  പ്രകൃതിക്കും മറ്റ് ജീവികള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്ന സവിശേഷത നിറഞ്ഞ മൃഗമാണ്. ഓസ്ട്രേലിയയുടെ ദേശീയ ചിഹ്നം മാത്രമല്ല, രാജ്യത്തിന്റെ ആവാസ വ്യവസ്ഥിതിയുടെ സുപ്രധാന ഘടകം കൂടിയാണിവ. ഭൂമിയുമായി ഒത്തുചേരുന്ന ഒരു ജീവിതചിന്തയാണ് കങ്കാരുക്കളെന്ന് ഉയര്‍ത്തിക്കാട്ടുന്നതാണ് ഡോക്യൂഫിക്ഷനെന്ന് സംവിധായകന്‍ ജോയ് കെ.മാത്യു പറഞ്ഞു.  കുട്ടികളെയും മുതിര്‍ന്നവരെയും മാത്രമല്ല ജന്തുജാലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും ഈ ഡോക്യുഫിക്ഷന്‍ ഒരുപോലെ ഗുണം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷന്റെ  ഭാവനാത്മക ദൃശ്യശേഷി  ആകര്‍ഷകവും വിജ്ഞാനവും നിറഞ്ഞ അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടേയും ഗ്ലോബല്‍ മലയാളം സിനിമയുടേയും ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ഡോക്യുഫിക്ഷന്റെ ചിത്രീകരണം 2026 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും തിയറ്ററുകളിലും ടെലിവിഷനുകളിലും കൂടാതെ, എബിസി, ബിബിസി എര്‍ത്ത്,നെറ്റ്ഫ്‌ലിസ്, ഡോക്‌പ്ലേ,ആമസോണ്‍ തുടങ്ങിയ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമുകളിലും  പ്രദര്‍ശിപ്പിക്കാനാണ് ലക്ഷ്യമെന്നും  പ്രൊജക്റ്റ് കോഡിനേറ്റര്‍ ഫിലിപ്പ് ഹ്യുബ് പറഞ്ഞു.

ആദം കെ. അന്തോണിക്ക് പുറമെ ജോയ് കെ. മാത്യു, പീറ്റര്‍, സൈമണ്‍ വൂള്‍നഫ്,മുറായി എന്നിവരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഓസ്‌ട്രേലിയയിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലും ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടീനടന്മാരേയും സാങ്കേതിക വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തിയാണ് ഈ ഡോക്യൂഫിക്ഷന്‍ നിര്‍മ്മിക്കുന്നത്.

അണിയറ പ്രവര്‍ത്തകരുടെ കൂടുതല്‍ വിവരങ്ങളും ഡോക്യൂഫിക്ഷന്റെ പേരും പിന്നീട് വെളിപ്പെടുത്തുമെന്ന് ജോയ് കെ മാത്യു പറഞ്ഞു.പി ആര്‍ ഒ എം കെ ഷെജിന്‍.

 

New movie