കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയല്ല: വിനയന്‍

കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു

author-image
Biju
New Update
divya

വിനയന്റെ സംവിധാനത്തില്‍ 1996 ല്‍ പുറത്തിറങ്ങിയ 'കല്യാണസൗഗന്ധികം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ദിവ്യ ഉണ്ണി. വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടാന്‍ ദിവ്യ ഉണ്ണിക്കായെങ്കിലും കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പലപ്പോഴും താരം സൈബറിടങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു. 

കല്യാണസൗഗന്ധികം എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. പലപ്പോഴും ദിവ്യയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വാര്‍ത്തകളിലുമെല്ലാം നടിയെ അവഹേളിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായുള്ള കമന്റുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ച നടിയെന്ന തരത്തിലായിരുന്നു ദിവ്യ ചിത്രീകരിക്കപ്പെട്ടത്.

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്നും, കല്യാണസൗഗന്ധികം എന്ന ചിത്രത്തെ കുറിച്ചല്ല, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലാണ് ഒരു പ്രശസ്ത നടി അങ്ങനെ പറഞ്ഞതെന്നും വിനയന്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറഞ്ഞു.

കല്യാണസൗഗന്ധികത്തെ കുറിച്ച് വിനയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു ലഭിച്ച കമന്റിനു മറുപടിയായാണ് താരം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 'കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലന്നു പറഞ്ഞത് ദിവ്യ അല്ലേ' എന്ന ചോദ്യത്തിനായിരുന്നു വിനയന്റെ മറുപടി. ആ നടിയുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും കലാഭവന്‍ മണി കല്യാണ സൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ ഉണ്ടായ അനുഭവം താന്‍ പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം വരികയുമായിരുന്നെന്ന് വിനയന്‍ പറഞ്ഞു.

വിനയന്റെ മറുപടിയുടെ പൂര്‍ണരൂപം

'അത് ഈ സിനിമ അല്ല... വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്... ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണസൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.

ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു. 

കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു.

വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്,' വിനയന്‍ കുറിച്ചു.