കലാഭാവന്‍ മണിയുടെ മകള്‍ ശ്രീക്കുട്ടി ഡോക്ടറാകുന്നു

കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കടലാഴങ്ങള്‍ കണ്ട കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ഡോക്ടറാക്കുക എന്ന സ്വപ്നവും.

author-image
Biju
New Update
dfg

തൃശൂര്‍: മണിക്കൂടാരത്തിലെ തന്റെ പ്രിയപ്പെട്ടവരെ മാത്രമല്ല, സ്‌നേഹിച്ചവരെയൊക്കെ വേദനയിലാഴ്ത്തി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ കലാഭവന്‍മണി ഇന്ന് അദൃശ്യമായ ലോകത്തിരുന്ന് പുഞ്ചിരിക്കുണ്ടാകും. മണിയുടെ സ്വന്തം ശ്രീ ലക്ഷ്മി അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടര്‍ കുപ്പായമെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്. 

എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മി. കഴിഞ്ഞ ദിവസം മണികൂടാരത്തിലേക്ക് ശ്രീലക്ഷ്മിയുടെ കൂട്ടുകാരില്‍ ചിലര്‍ എത്തിയിരുന്നു. അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് മധുരമുള്ള ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ പുറംലോകത്തെത്തിയത്.

കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കടലാഴങ്ങള്‍ കണ്ട കലാഭവന്‍ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ഡോക്ടറാക്കുക എന്ന സ്വപ്നവും. പലവേദികളിലും ആ സ്വപ്നത്തെക്കുറിച്ച് മണി വാചാലനായിട്ടുമുണ്ട്. മകളെക്കുറിച്ചുള്ള ആ സ്വപ്നം പൂര്‍ത്തിയാക്കാതെ മണി മടങ്ങിയപ്പോള്‍ വേദനകള്‍ ഇരട്ടിച്ചതും ഇതേ കാരണം കൊണ്ടു കൊണ്ടു കൂടിയാണ്.

അച്ഛന്റെ മരണം നല്‍കിയ വേദനകള്‍ അടക്കിപ്പിടിച്ചാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടുന്നതും. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിക്കുകയാണ് അമ്മ നിമ്മി.

മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണികൂടാരം വീട്ടില്‍ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. നിമ്മിയും ശ്രീലക്ഷ്മിയും എറണാകുളത്തേക്ക് മാറിയതോടെ മാതാപിതാക്കള്‍ നിമ്മിയുടെ സഹോദരിയുടെ വീട്ടിലേക്കു മാറി. വല്ലപ്പോഴും അവധിക്കു മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും. അല്ലാത്തപക്ഷം, പൂര്‍ണമായും ആ വീട് പൂട്ടിക്കിടക്കുകയാണ് ഇപ്പോള്‍.

Kalabhavan Mani