/kalakaumudi/media/media_files/2025/09/30/kantahra-2025-09-30-14-39-41.jpg)
ഗാന്ധി ജയന്തി ദിനത്തില്‍ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുകയാണ് 'കാന്താര' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റര്‍ വണ്‍. ഋഷഭ് ഷെട്ടിയുടെ ഈ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ നല്‍കുന്നത്.
കാന്താരയുടെ രണ്ടാം ഭാഗത്തിനായി എത്ര ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് എന്നത് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗില്‍ വ്യക്തമാണ്. ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആയി 24 മണിക്കൂറിനുള്ളില്‍ തന്നെ, 'ബുക്ക് മൈ ഷോ' വഴി വിറ്റുപോയത് 1.6 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 5.47 കോടിയോളം രൂപയാണ് ഇതുവഴി അഡ്വാന്‍സായി കളക്റ്റ് ചെയ്തത്. ബ്ലോക്ക് ചെയ്ത സീറ്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഏതാണ്ട് 8.31 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് നടന്നു കഴിഞ്ഞു.
ഇന്ത്യയിലുടനീളം 'കാന്താര ചാപ്റ്റര്‍ 1' ന് 6195 ഷോകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കന്നഡ പതിപ്പിന് 1317, ഹിന്ദി പതിപ്പിന് 3703, തെലുങ്ക് പതിപ്പിന് 43, തമിഴ് പതിപ്പിന് 247, മലയാളം പതിപ്പിന് 885 ഷോകള്‍ എന്നിങ്ങനെ പോവുന്നു ഷോയുടെ വിശദാംശങ്ങള്‍. ഐര്‍ലന്‍ഡ്, നോര്‍ത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും 'കാന്താര ചാപ്റ്റര്‍ 1' റിലീസിന് തയ്യാറെടുക്കുകയാണ്.
15 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച 'കാന്താര' ആഗോള തലത്തില്‍ 400 കോടി നേടി വന്‍ വിജയമായതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ പ്രീക്വല്‍ പ്രഖ്യാപിച്ചത്.
ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്യുന്ന 'കാന്താര 2'ല്‍ രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 15 കോടിയായിരുന്നു ആദ്യഭാഗത്തിന്റെ ബജറ്റെങ്കില്‍ ഇത്തവണ ഏകദേശം 125 കോടി ബജറ്റിലാണ് ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗന്ദൂര്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.