/kalakaumudi/media/media_files/2025/12/19/ifffk2-2025-12-19-09-07-37.jpg)
തിരുവനന്തപുരം: ഏഴുദിവസം നീണ്ടുനിന്ന ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. വൈകീട്ട് ആറുമണിക്കാണ് നിശാഗന്ധിയില്‍ സമാപന സമ്മേളനം. മേളയിലൂടനീളം വിദേശത്തായിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സിനിമകളില്‍ കേന്ദ്രത്തിന്റെ കടുംവെട്ട്, അക്കാദമി ചെയര്‍മാന്റെ അസാന്നിധ്യം, സംഘാടനത്തില്‍ പിഴവ് വന്നെന്ന ആരോപണം, അങ്ങനെ ഉടനീളം വിവാദങ്ങളായിരുന്നു മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍. സിനിമകളേക്കാള്‍ പ്രതിനിധികള്‍ ചര്‍ച്ചചെയ്തതും വിവാദം തന്നെ.
26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ ആറ് ചിത്രങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. മേളയിലെ നിറസാന്നിദ്ധ്യമാകേണ്ട ചെയര്‍മാന്‍ ഇല്ലാത്തതും സജീവ ചര്‍ച്ചയായി. മൊത്തത്തില്‍ ഒരു വൈബ് കുറവുണ്ടെന്നും പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായമുണ്ടായി. സിനിമകള്‍ക്ക് അനുമതി ലഭിക്കാത്തത് സംഘാടനത്തിലെ പിഴവുമൂലമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു. അവയെല്ലാം തരണം ചെയ്താണ് ചലച്ചിത്രമേള പുരോഗമിച്ചത്. അതേസമയം, തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു.
വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളില്‍ വിജയിച്ച സിനിമകളുടെ അവാര്‍ഡ് വിതരണവും നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
