/kalakaumudi/media/media_files/2024/11/22/BXUqdfr2osBIe7H6LZT6.jpg)
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്‌കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടലാണ്. ആദ്യം തന്നെ അനുമതി നിഷേധിച്ചു. 187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നല്‍കിയത്. അപേക്ഷ നല്‍കാന്‍ വൈകിയിരുന്നില്ല. 154 സിനിമകള്‍ക്ക് ആദ്യം അനുമതി തന്നു. പിന്നീട് നാല് സിനിമകള്‍ക്ക് കൂടി അനുമതി ലഭിച്ചു. 19 സിനിമയ്ക്ക് ആണ് അംഗീകാരം ലഭിക്കാത്തത്.
കേന്ദ്ര സര്‍ക്കാര്‍ ആരെയോ ഭയപ്പെടുകയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകര്‍ക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. സിനിമ പ്രദര്‍ശിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും ഇതിനായി വിശദമായ കത്തുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
