സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി

നവംബര്‍ ഒന്നിന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇവ നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്.

author-image
Biju
New Update
chala

തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു. അവാര്‍ഡ് പ്രഖ്യാപനം ഇനി തിങ്കളാഴ്ചയാണ് നടത്തുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനിരുന്ന പരിപാടി ഇനി നവംബര്‍ മൂന്നിനാണ് നടത്തുക. നവംബര്‍ മൂന്നിന് മൂന്ന് മണിക്ക് തൃശൂരില്‍ വച്ചാകും അവാര്‍ഡ് പ്രഖ്യാപനം. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചത്.

നവംബര്‍ ഒന്നിന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇവ നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുന്‍പില്‍ എത്തിയത്. ഇതില്‍ 30 ശതമാനം സിനിമകളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ എത്തിയത്.

അതേസമയം മികച്ച നടന്‍ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് പൊതുവായ റിപ്പോര്‍ട്ട്. അന്തിമ പട്ടികയില്‍ ടോവിനോ തോമസും ഇടം നേടിയതായി സൂചന. അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടോവിനോ തോമസിനെ പരിഗണിക്കുന്നത്. എന്നാല്‍ മികച്ച നടിമാര്‍ക്ക് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജന്‍. ബോഗെയ്ന്‍ വില്ലയിലെ ജ്യോതിര്‍മയി. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല. എആര്‍എം സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.