തിരുവനന്തപുരം: കളക്ഷനില്‍ ചരിത്രനേട്ടവുമായി മോഹന്‍ലാല്‍-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്‍. റിലീസായി ഒരു മാസം തികയുന്നതിനു മുന്‍പുതന്നെ ചിത്രം 325 കോടി രൂപ നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ മലയാളത്തില്‍ 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചരിത്രത്തില്‍ കൊത്തിവെച്ച സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു-അദ്ദേഹം കുറിച്ചു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് മുരളി ഗോപിയാണ്. 2019ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.