എമ്പുരാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്

author-image
Biju
New Update
empuran

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിഷയമായി ഉന്നയിക്കാനാണ് നീക്കം. ചട്ടം 267 പ്രകാരം നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

അതിനിടെ വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവര്‍ത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാന്‍ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്. വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ആദ്യ ഇരുപത് മിനിറ്റിലാകും കട്ട് വീഴുക.

പ്രതിനായകന്റെ പേരടക്കം മാറ്റി മൂന്നു മിനിറ്റ് നീക്കം ചെയ്താകും സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന. വിവാദങ്ങള്‍ക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എഡിറ്റ് ചെയ്യുന്നതിന് മുന്‍പേ സിനിമ കാണാനായി വലിയ തിരക്കാണ് തിയറ്ററുകളില്‍ രണ്ടുദിവസമായി അനുഭവപ്പെട്ടത്.

അതേസമയം പൃഥ്വിരാജിനും മോഹന്‍ലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേര്‍ എത്തി. വിമര്‍ശനങ്ങള്‍ക്കിടെ താരങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല.

സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്. എമ്പുരാന്റെ വിവാദങ്ങള്‍ക്ക് പിന്നാലെ മേജര്‍ രവി നടത്തിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമര്‍ശനം. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജര്‍ രവിക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Empuraan