ലാപതാ ലേഡീസ് : ഫാബ്രിസ് ബ്രാക്കിന്‍റെ അറബിക് ഷോർട്ട് ഫിലിമായ ബുർഖ സിറ്റിയുടെ  കോപ്പിയടി എന്ന് ആരോപണം

ബുർഖ സിറ്റിയുടെ സംവിധായകന്‍ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.  രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യതകൾ തന്നെ 'ഞെട്ടിച്ചെന്നും, ശരിക്കും ദുഃഖത്തിലാക്കിയെന്നുമാണ്' ഫാബ്രിസ് അടുത്തിടെ ഐഎഫ്‌പിയോട് പറഞ്ഞത്.

author-image
Anitha
New Update
jfwoih

മുംബൈ: 2023-ൽ പുറത്തിറങ്ങിയ കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് എന്ന ചിത്രം 2019-ൽ പുറത്തിറങ്ങിയ ഫാബ്രിസ് ബ്രാക്കിന്‍റെ അറബിക് ഷോർട്ട് ഫിലിമായ ബുർഖ സിറ്റിയുടെ  കോപ്പിയാണ് എന്ന തരത്തില്‍ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂട് പിടിച്ച ചര്‍ച്ച നടത്തുന്നുണ്ട്. ഇപ്പോള്‍ ബുർഖ സിറ്റിയുടെ സംവിധായകന്‍ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.  രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യതകൾ തന്നെ 'ഞെട്ടിച്ചെന്നും, ശരിക്കും ദുഃഖത്തിലാക്കിയെന്നുമാണ്' ഫാബ്രിസ് അടുത്തിടെ ഐഎഫ്‌പിയോട് പറഞ്ഞത്. 

അടുത്തിടെ തന്‍റെ ശ്രദ്ധയിൽപ്പെടുന്നതുവരെ ലാപതാ ലേഡീസ് കണ്ടിട്ടില്ലെന്ന് ഫാബ്രിസ് പ്രസിദ്ധീകരണത്തോട് പറഞ്ഞു. രണ്ട് ചിത്രങ്ങളിലും താൻ ശ്രദ്ധിച്ച സമാനതകളെക്കുറിച്ച് ചോദിച്ചപ്പോൾ, ചിത്രത്തിന്റെ പശ്ചാത്തലം തന്‍റെ ഷോര്‍ട്ട് ഫിലിമുമായി വളരെ ചേര്‍ന്ന് നില്‍ക്കുന്നു എന്നതാണ് താൻ ആദ്യം ശ്രദ്ധിച്ചതെന്ന് ഫ്രഞ്ച് സംവിധായകൻ പറഞ്ഞു. 

നിഷ്കളങ്കനായ ഭർത്താവ്', 'അക്രമിയായ മറ്റൊരു ഭർത്താവ്, 'അഴിമതിക്കാരനായ' പോലീസ് ഉദ്യോഗസ്ഥൻ, പ്രത്യേകിച്ച് മുഖം മറച്ച സ്ത്രീയുടെ ഫോട്ടോ എന്നിങ്ങനെ ചിത്രത്തിലെ സമാനതകള്‍ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. 

"ബുർഖ സിറ്റിയിലെ ഒരു പ്രധാന ആഖ്യാന ഘടകമായ, പീഡകനായ ഭർത്താവിൽ നിന്ന് വേര്‍പിരിയാനുള്ള പെണ്‍കുട്ടിയുടെ തീരുമാനം എന്ന കഥയുടെ അവസാനത്തിലെ ട്വിസ്റ്റിലും സമാനതകളുണ്ട്," സംവിധായകൻ പറഞ്ഞു. 2017 ൽ എഴുതിയ ഈ ഷോർട്ട് ഫിലിം 2018 ൽ ചിത്രീകരിച്ച് 2019 ലെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതായും ഫാബ്രിസ് വെളിപ്പെടുത്തി. 2020 ൽ കൊൽക്കത്തയിലും ഓറോവില്ലിലും നടന്ന രണ്ട് ഫെസ്റ്റിവലുകളിലും ഇത് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രം കണ്ടതിനുശേഷം എന്തുതോന്നുന്നുവെന്ന് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത് ഇതാണ് "ഈ സമാനതകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, പ്രത്യേകിച്ച് ഈ ചിത്രം ഇന്ത്യയിൽ വൻ വിജയമായിരുന്നുവെന്നും ഓസ്‌കാറിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും മനസ്സിലാക്കിയപ്പോൾ എനിക്ക് സങ്കടവും തോന്നി. എന്നെ സംബന്ധിച്ചിടത്തോളം, ബുർഖ സിറ്റിയെ ഒരു ഫീച്ചർ ഫിലിമാക്കി മാറ്റാൻ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, അതിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അത് സാധ്യമാണോ എന്ന് അറിയില്ല" ലാപതാ ലേഡീസിന്റെ അണിയറക്കാരുമായി സംസാരിച്ച് അത് പരിഹരിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേ സമയം ലാപതാ ലേഡീസ് എന്ന സിനിമയുടെ എഴുത്തുകാരനായ ബിപ്ലബ് ഗോസ്വാമി ശനിയാഴ്ച  കോപ്പിയടി ആരോപണം നിഷേധിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 2014 ൽ ലാപതാ ലേഡീസ് സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷനിലും 2018 ൽ ടു ബ്രൈഡ്‌സ് എന്ന പേരിൽ എസ്‌ഡബ്ല്യുഎയിൽ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. 

“ഈ ആരോപണങ്ങൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ശ്രമങ്ങളെ മാത്രമല്ല, മുഴുവൻ ചലച്ചിത്ര സംഘത്തിന്റെയും പരിശ്രമങ്ങളെയും കഷ്ടപ്പാടിനെയും ദുർബലപ്പെടുത്തുന്നതാണെന്ന്” അദ്ദേഹം എഴുതി.
കിരൺ സംവിധാനം ചെയ്ത ലാപതാ ലേഡീസ് നിർമ്മിച്ചിരിക്കുന്നത് ആമിർ ഖാനാണ്, നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർഷ് ശ്രീവാസ്തവ, ഛായ കദം, രവി കിഷൻ എന്നിവർ അഭിനയിക്കുന്നു.

copy right hindi Movies