നടി സുകുമാരി വിടപറഞ്ഞിട്ട് 12 വര്‍ഷം

സ്നേഹം തുളുമ്പുന്ന അമ്മയായും, കുനിഷ്ടിന്റെ മൂര്‍ത്തി രൂപമായ അമ്മായിയമ്മയായും, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ താരമായും ഏത് വേഷങ്ങളിലും അഭിനയ സിദ്ധിയുടെ മൂര്‍ത്തിമദ് രൂപമായിരുന്നു അവര്‍

author-image
Biju
New Update
SGD

മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി വിട പറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളുമായി നടത്തിയ നീണ്ട അഭിനയ ജീവിതത്തിനൊടുവില്‍ 2013 ല്‍ വിടപറയുകയായിരുന്നു.

ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെ അഭിനയിച്ച അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരി. 1940 ഒക്ടോബര്‍ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്ത് മാധവന്‍ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരിയുടെ ജനനം.

തിരുവിതാംകൂര്‍ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉള്‍പ്പെടെയുള്ള നൃത്തരൂപങ്ങളില്‍ ബാല്യത്തില്‍ തന്നെ പ്രാവീണ്യം നേടി. 

പത്താമത്തെ വയസ്സില്‍ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചു. ദീര്‍ഘമായ നൃത്തരംഗത്താണ് ഈ സിനിമയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടത്. 1957 ല്‍ ആറു ഭാഷകളില്‍ പുറത്തിറങ്ങിയ തസ്‌കര വീരനില്‍ ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതേ വര്‍ഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടന്‍, കുഞ്ഞാലി മരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. 

അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് ഭര്‍ത്താവ്. ഡോ. സുരേഷാണ് മകന്‍.

പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി. അക്കാലത്ത് ബാലചന്ദ്ര മേനോന്‍ ,അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.

ആറ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ 2500ലധികം ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങള്‍ കൂടാതെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരവും ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 
       
സിനിമയ്‌ക്കൊപ്പം 1000ല്‍ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. 2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള പുരസ്‌കാരവും നേടി.
       
ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞു. വീട്ടിലെ പൂജാമുറിയിലെ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചെന്നൈയില്‍ ചികിത്സയിലായിരുന്നു. കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

2500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ പ്രധാനമായും മലയാളം, തമിഴ് ഭാഷകളില്‍ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. തമിഴ് സിനിമ താരമായിരുന്ന മനോരമ മാത്രമാണ് ഇക്കാര്യത്തില്‍ സുകുമാരിയോട് മത്സരിക്കാന്‍ പറ്റുന്ന ഏക താരം. 

രണ്ടുപേരുടെയും വ്യക്തമായ കണക്കുകള്‍ അറിയാത്തതിനാല്‍ ആരാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് എന്ന് ഇപ്പോഴും അവ്യക്തമാണ്. സുകുമാരിയെന്ന അഭിനേതാവിനെ  ഒറ്റവാക്കില്‍ വിലയിരുത്തുമ്പോള്‍ ആരുടെ മനസ്സിലും കടന്നു വരിക  പ്രശസ്ത സംവിധായകന്‍ ജെസി വിശേഷിപ്പിച്ച വിശേഷണമാണ്. 

മലയാള സിനിമയിലെ പെരുന്തച്ചി. പെരുന്തച്ചന്‍ എന്നത് ധാരാളം കേട്ടിട്ടുണ്ടെങ്കിലും പെരുന്തച്ചി എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചതാണെങ്കിലും ആ വാക്കില്‍ തന്നെ  സുകുമാരി എന്ന നടിയുടെ ഓള്‍ റൗണ്ട് കഴിവും അഭിനയ മികവും വളരെ സ്പഷ്ടമാണ്. 

സ്നേഹം തുളുമ്പുന്ന അമ്മയായും, കുനിഷ്ടിന്റെ മൂര്‍ത്തി രൂപമായ  അമ്മായിയമ്മയായും, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ താരമായും ഏത് വേഷങ്ങളിലും അഭിനയ സിദ്ധിയുടെ മൂര്‍ത്തിമദ് രൂപമായിരുന്നു അവര്‍. പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് എന്ന ചിത്രത്തില്‍  ഡിക്കമ്മായി എന്നൊരു കഥാപാത്രം, മദാമ്മമാരെ പോലെ വേഷം ധരിച്ച് വളരെ സ്റ്റൈലായി സംസാരിക്കുകയും നൃത്തം വയ്ക്കുകയും ചലനങ്ങളില്‍ പോലും പ്രത്യേക റിഥം സൂക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രം മലയാള സിനിമയില്‍ വേറെ ഏതെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. കാര്യം നിസ്സാരം എന്ന സിനിമയില്‍ കെ പി ഉമ്മറിന്റെ ഭാര്യ വേഷം  തികച്ചും വ്യത്യസ്തമായ മറ്റൊന്നായിരുന്നു. പതിവ് വേഷങ്ങളില്‍ നിന്നും വേറിട്ടഭിനയിച്ച്  ആസ്വാദകരെ ഞെട്ടിച്ച കഥാപാത്രമായിരുന്നു അത്. 

പൂച്ചക്ക് ഒരു മൂക്കുത്തിയിലെ പൊങ്ങച്ചക്കാരി, നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ  സെക്രട്ടറി, തേന്മാവിന്‍ കൊമ്പത്തിലെ ഗിഞ്ചിമൂട് ഗാന്ധാരി എല്ലാം അഭിനയത്തിന്റെ  വ്യത്യസ്ത അനുഭവ ചിത്രങ്ങള്‍ ആയിരുന്നു. പത്താമത്തെ വയസ് മുതല്‍ സുകുമാരി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ അവര്‍ ചലച്ചിത്ര രംഗത്ത്, 60 വര്‍ഷത്തിലേറെ അഭിനയിച്ച അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു. 

1940 ഒക്ടോബര്‍ ആറിന്  തമിഴ് നാട് സംസ്ഥാനത്തിലെ നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായിരുന്നു.