കറുത്തമ്മ മറന്നാലും മലയാളി മറക്കില്ല... മധു വസന്തത്തിന് ഇന്ന് 92-ാം പിറന്നാള്‍

നാലര പതിറ്റാണ്ടു മുമ്പ് പ്രേക്ഷകഹൃദയങ്ങളെ ഇളക്കിമറിച്ച പരീക്കുട്ടിയുടേയും കറുത്തമ്മയുടെയും ദുഃഖസാന്ദ്ര പ്രണയകഥയുടെ അഭ്രാവിഷ്‌കാരത്തിന് ഇന്നും യൗവ്വനത്തിന്റെ തുടിപ്പ്.

author-image
Biju
New Update
madhu

തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മധു. മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 92-ാം പിറന്നാള്‍ ആണ്. പ്രിയ നടന് ആശംസകള്‍ അറിയിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്‌നേഹ സമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന് സിനിമയുടെ കാര്യത്തില്‍ ഇന്നും ചെറുപ്പമാണ്.

''കറുത്തമ്മാ... കറുത്തമ്മ പോകുകയാണോ? എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മയ്ക്ക് പോകാനാകുമോ...? കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും.'' - പരീക്കുട്ടിയുടെ ഹൃദയഭേദകമായ വാക്കുകള്‍ മലയാള സിനിമയുടെ ഫ്‌ളാഷ്ബാക്കിന്റെ ഫ്രെയിമുകള്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ ഇന്നും നിറഞ്ഞുനില്‍പ്പുണ്ട്. 

65 ല്‍ രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ചെമ്മീനിലെ പളനിയായി സത്യനും ചെമ്പന്‍കുഞ്ഞായി കൊട്ടാരക്കര ശ്രീധരന്‍നായരും കറുത്തമ്മയായി ഷീലയും അഭിനയകലയുടെ ഉന്നത സാക്ഷാത്കാരങ്ങള്‍ നേടിയപ്പോള്‍ ഒരിക്കലും അടങ്ങാത്ത കടലിലെ ഓളംപോലെ കരളില്‍ നിറയെ മോഹവുമായി പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍. 

Also Read:

https://www.kalakaumudi.com/national/mohanlal-a-proud-star-will-receive-the-highest-honor-in-the-indian-film-industry-from-the-president-today-10492867

നാലര പതിറ്റാണ്ടു മുമ്പ് പ്രേക്ഷകഹൃദയങ്ങളെ ഇളക്കിമറിച്ച പരീക്കുട്ടിയുടേയും കറുത്തമ്മയുടെയും ദുഃഖസാന്ദ്ര പ്രണയകഥയുടെ അഭ്രാവിഷ്‌കാരത്തിന് ഇന്നും യൗവ്വനത്തിന്റെ തുടിപ്പ്. 300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. ഇന്ന് മലയാളസിനിമയ്ക്ക് ഇരട്ടി മധുരത്തിന്റെ ദിവസമാണ് ദേശീയ ചലച്ചിത്രത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് മോഹന്‍ലാല്‍ ഏറ്റവുവാങ്ങുന്നതും ഇന്നേദിവസം തന്നെയാണ്.

മധു എന്ന പേര് മാത്രമ മതി മലയാള സിനിമയുടെ ചരിത്രം എക്കാലവും അടയാളപ്പെടുത്താന്‍. കാരണം മലയാള സിനിമയുടെ ഫ്രെയിമുകളില്‍ മധു എന്ന പ്രതിഭ കടന്നുപോകാത്ത മേഖലകള്‍ നന്നേ കുറവ്. പക്ഷേ, കാലം മധുവിലെ നടനെ വിലയിരുത്തുന്നത് പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. 

തകഴി, ബഷീര്‍, എം.ടി., പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ ... ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളില്‍ പിറവികൊണ്ട കരുത്തുറ്റ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു. 

അതുകൊണ്ടുതന്നെ സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്കിടയിലും സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് ഉയിരേകിയ നടനായിട്ടായിരിക്കും മധുവിന്റെ എക്കാലത്തെയും കീര്‍ത്തി. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് ... മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ്ണലിപികളില്‍തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് ഒരു കലാകാരന് കാലം നല്കുന്ന ഏറ്റവും വലിയ ബഹുമതിയും.

ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും നവതിയുമൊക്കെ കൊണ്ടാടപ്പെടുന്നവരുടെ കൂട്ടത്തില്‍ മധുവില്ല. പക്ഷേ, ഒരു ജീവിതം സാര്‍ത്ഥകമായി ജീവിച്ചു കാണിക്കുകയാണ് മധു. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോഴും അതിലൊന്നും നിരാശനാകാതെ തനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ അതിരുമെതിരുമില്ലാതെ ആടിത്തീര്‍ക്കുകയാണ് മധു.

തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടില്‍ ആര്‍ പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകന്‍ മാധവന്‍ കുട്ടിക്കാലത്തേ നാടകം തന്റെ ഹൃദയത്തോടു ചേര്‍ത്തുകെട്ടിയിരുന്നു. ഏഴാം വയസ്സില്‍ വി.ജെ.ടി ഹാളില്‍ വച്ചായിരുന്നു കൊച്ചുമാധവന്റെ മനസ്സിലേക്ക് നാടകം ഒരു വിസ്മയക്കാഴ്ചയായി വിരുന്നെത്തിയത്. 

അപ്പൂപ്പന്‍ പത്മനാഭന്‍പിള്ള ഹാസ്യകഥാപാത്രമായി രംഗത്തെത്തിയ ആ നാടകമാകാം മാധവന്റെ കുഞ്ഞുമനസ്സില്‍ ഒരു നാടകക്കാരന്‍ പിറവിയെടുക്കാന്‍ കാരണമായത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളില്‍ നിറഞ്ഞ മധു എന്ന നാടകനടനെ ഗൗരീശപട്ടത്തെ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു. 

എസ്.എം. വി. സ്‌കൂള്‍, പേട്ട സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പഠനകാലത്ത് നാടകം ലഹരിയും ആവേശവുമായി മധു നെഞ്ചേറ്റിനടന്നു. പക്ഷേ, എം.ജി. കോളേജിലേയും യൂണിവേഴ്സിറ്റി കോളേജിലേയും പഠനനാളുകളില്‍ കലാലയ അരങ്ങില്‍ നാടകങ്ങളൊന്നും മധു അവതരിപ്പിച്ചില്ല. കോളേജിനു പുറത്ത് ആര്‍ട്ട്സ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടായിരുന്നു മധുവിന്റെ നാടക പ്രവര്‍ത്തനങ്ങള്‍.

കെ.ടി. മുഹമ്മദ്, തോപ്പില്‍ഭാസി, തിക്കോടിയന്‍, പൊന്‍കുന്നം വര്‍ക്കി, എസ്.എല്‍.പുരം, സി.എല്‍. ജോസ്, ഏരൂര്‍ വാസുദേവ് തുടങ്ങിയവരുടെ നാടകങ്ങള്‍ വായിച്ചു പഠിച്ച മധു പാശ്ചാത്യ നാടകങ്ങളുടെ വായനയിലും അക്കാലത്ത് ഏറെ ശ്രദ്ധിച്ചു. തിരുവനന്തപുരത്തെ അമേച്വര്‍ നാടകപ്രസ്ഥാനം പൂത്തു തളിര്‍ത്തകാലം മധുവിലെ നാടകക്കാരന്റേയും വളര്‍ച്ചയായിരുന്നു. 

സി.ഐ. പരമേശ്വരന്‍പിള്ള, ടി.എന്‍. ഗോപിനാഥന്‍നായര്‍, ജഗതി എന്‍.കെ. ആചാരി, കൈനിക്കര കുമാരപ്പിള്ള, കൈനിക്കര പത്മനാഭന്‍പിള്ള, പി.കെ. വിക്രമന്‍നായര്‍, പി.കെ. വേണുക്കുട്ടന്‍നായര്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍... പ്രതിഭകളുടെ പൂക്കാലം മധുവിലെ നടനെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പര്യാപ്തമായി.

ബനാറസ് യൂണിവേഴിസിറ്റിയില്‍നിന്നും എം.എ. ബിരുദവുമായെത്തിയ മധു കോളേജ് അധ്യാപകന്റെ വേഷത്തില്‍ ജീവിതയാത്ര തുടരുമ്പോഴും നാടകത്തെ കൈയ്യൊഴിഞ്ഞില്ല. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്ക് അപേക്ഷ അയക്കുമ്പോള്‍തന്നെ ആ മനസ്സ് പറഞ്ഞിരിക്കാം 'നാടകമാണ് തന്റെ ജീവിതമെന്ന്. 

കോളേജധ്യാപകന്റെ ജോലിയും രാജിവെച്ച് മൂന്നുവര്‍ഷത്തെ നാടകപഠനം മധുവിന് നല്‍കിയത് ലോകനാടകവേദിയുടെ സ്പന്ദനങ്ങള്‍ കൂടിയായിരുന്നു. പക്ഷേ, മധുവിനെ നാടകത്തിന് നഷ്ടമായത് സിനിമയ്ക്ക് ഗുണമായിത്തീര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മധുവിനായി മലയാളത്തിന്റെ വെള്ളിത്തിരയിലുണ്ടായിരുന്നു. അതിലൂടെ പി. മാധവന്‍നായര്‍ എന്ന പേര് മാറ്റി മധുവായി അവരോധിക്കപ്പെട്ടു. 

1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്പാടുകളി'ലെ പട്ടാളക്കാരന്‍ സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. കാലത്തിനിടക്ക് വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ക്കൊപ്പം സിനിമക്ക് മധുവില്‍നിന്നുണ്ടായ സംഭാവനകള്‍ എത്രയെത്ര! അതെല്ലാം മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും ഒരുപാടൊരുപാട് ഗുണം ചെയ്തുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

പത്മപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചുവെങ്കിലും പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ബഹുമതിയുടെ കിന്നരി പിടിപ്പിച്ച ആ അലങ്കാരങ്ങളെ തലയിലേറ്റാന്‍ മധു തയ്യാറല്ല. സ്വന്തം പ്രതിഭയില്‍ ഒരു കലാകാരനുള്ള അടിയുറച്ച ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണത്. അംഗീകാരങ്ങളുടെ പൊന്നാടകള്‍ക്കൊണ്ട് എത്ര മൂടിയാലും അതിന്റെ ധവളിമയില്‍ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിന്റെ മധുസാര്‍. 

സിനിമയെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കൃത്യമായ അഭിപ്രായങ്ങളുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ പോലും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ഏറ്റെടുക്കുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍.

actor madhu mohanlal