വെള്ളിത്തിരയിലും ജീവിതത്തിലും മിടുക്കന്മാരായ സൂപ്പര്‍ താരങ്ങള്‍

അനായാസമുള്ള ഇവരുടെ ഡയലോഗും മറ്റും മിക്കപ്പോഴും വൈറലാകാറുണ്ട്. ഈ സമയങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് താരങ്ങളുടെ വിദ്യാഭ്യാസയോഗ്യതയും. അഭിനയത്തില്‍ മാത്രമല്ല പഠിത്തത്തിലും അലവര്‍ മിടുക്കന്മാരാണെന്ന് പലപ്പോഴും വിവരങ്ങള്‍ പുറത്തുവരാറുണ്ട്.

author-image
Biju
New Update
ghk

മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങളും ഒപ്പം തീപ്പൊരി ഡയലോഗും അടിച്ച് പ്രേക്ഷകരെ കൈയിലെടുക്കുന്നതിന് മിടുക്കന്മാരാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍. അനായാസമുള്ള ഇവരുടെ ഡയലോഗും മറ്റും മിക്കപ്പോഴും വൈറലാകാറുണ്ട്. ഈ സമയങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് താരങ്ങളുടെ വിദ്യാഭ്യാസയോഗ്യതയും. അഭിനയത്തില്‍ മാത്രമല്ല പഠിത്തത്തിലും അലവര്‍ മിടുക്കന്മാരാണെന്ന് പലപ്പോഴും വിവരങ്ങള്‍ പുറത്തുവരാറുണ്ട്.

താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്തെന്ന് അറിയാനും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാകും.  മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയടക്കമുള്ള സിനിമാ നടന്‍മാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കുകയാണ് ഇവിടെ.

ബികോം ബിരുദധാരിയാണ് കോളേജ് കാലത്തേ സിനിമയില്‍ എത്തിയ മോഹന്‍ലാല്‍. തിരുവനന്തപുരം എംജി കോളേജില്‍ നിന്നാണ് താരം ബിരുദമെടുത്തത്. മമ്മൂട്ടി വക്കീല്‍ ആയിരുന്നു സിനിമയില്‍ വരുന്നതിന് മുമ്പ് എന്ന് നടന്റെ ആരാധകര്‍ക്ക് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. എറണാകുളം ഗവണ്‍ ലോ കോളേജിലാണ് താരം വിദ്യാഭ്യാസം നടത്തിയും എല്‍എല്‍ബി ബിരുദം കരസ്ഥമാക്കിയതും.

തീപാറും ഡയലോഗുകളിലൂടെ ആവേശം സൃഷ്ടിച്ച താരമായ സുരേഷ് ഗോപിയാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി തന്റെ എംഎ പഠനം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലായിരുന്നു നടത്തിയത്. മിമിക്രിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകുകയും പിന്നീട് സിനിമയില്‍ കുടുംബ നായകനായി മാറുകയും ചെയ്ത ജയറാം കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരും ഇന്ന് സിനിമയില്‍ വേറിട്ട ഭാവങ്ങളില്‍ എത്തി വിസ്മയിപ്പിക്കുന്ന ജഗദീഷ് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയസ് കോളേജില്‍ നിന്ന് എംകോം ബിരുദം നേടിയപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഒന്നാം റാങ്കുകാരനുമായിരുന്നു.

ഓസ്‌ടേലിയയിലെ ടാസ്മാനിയ ഐടി യൂണിവേഴ്സ്റ്റിയില്‍ തന്റെ പഠനം നടത്തവേയാണ് പൃഥ്വിരാജിന് നന്ദനത്തിലേക്ക് അവസരം ലഭിക്കുന്നതും പിന്നീട് സിനിമയില്‍ ഒന്നാംനിര നായകനാകുകയും ചെയ്തത്. തുടര്‍ന്ന് ബിരുദ പഠനം ഉപേക്ഷിക്കുകയായിരുന്നു. അനൂപ് മേനോന്‍ തിരുവനന്തപുരം ലോ കോളേജില്‍ തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നാം റാങ്കുകാരനുമായിരുന്നു. 

ഇന്ദ്രജിത്ത് തിരുന്നല്‍വേലി സര്‍ദാര്‍ കോളേജിലാണ് തന്റെ ബിടെക്് പഠനം പൂര്‍ത്തിയാക്കുകയും ബിരുദം നേടുകയും ചെയ്തത്. എറണാകുളം സെയ്‌ന്റെ കോളേജില്‍ പഠിച്ച താരം ജയസൂര്യ  ബികോംകാരനാണ്. ചെമ്പഴത്തി ശ്രീ നാരായണ കോളേജില്‍ തന്റെ സൈക്കോളജി ബിരുദം നേടിയ പ്രേംകുമാര്‍ പിന്നീട് കോഴിക്കോട് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്ററില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലുമായി ബിരുദം നേടി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐടിഎയില്‍ നിന്നാണ് തന്റെ മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‌സ് സുരാജ് വെഞ്ഞാറമൂട് പൂര്‍ത്തിയാക്കിയത്.

മറ്റൊരു തലമുറയിലേക്ക് കടന്നാല്‍, കൊട്ടകകളില്‍ ജനത്തിന്റെ ഹൃദയം കവരും മുന്‍പ് കാസര്‍കോട്ടെ ഒരു തലമുറയുടെ മനം കവര്‍ന്നയാളാണ് സുകുമാരന്‍. കാസര്‍കോട് ഗവ. കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ഒരു വര്‍ഷം കൊണ്ട് കോളേജിലെ മുഴവന്‍ വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയങ്കരനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1971-72 കാലത്താണ് അധ്യാപകനായി സുകുമാരന്‍ കാസര്‍കോട്ടെത്തിയത്.

സുകുമാരന്‍ അന്ന് പഠിപ്പിച്ച 70 പേരുള്ള പ്രീഡിഗ്രി ക്ലാസിലെ ഏഴുപേര്‍ പിന്നീട് കോളേജ് അധ്യാപകരായി. എം.എ.റഹ്‌മാന്‍, ഇബ്രാഹിം ബേവിഞ്ച, കെ.മുഹമ്മദ് കുഞ്ഞി, കെ.സുബ്രഹ്‌മണ്യ ഭട്ട്, കെ.എ.പദ്മനാഭ പൂജാരി, കെ.ശങ്കര ഭട്ട്, കെ.പി.ജയരാജന്‍ എന്നിവരാണവര്‍.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും നീലേശ്വരം നഗരസഭാ മുന്‍ ചെയര്‍മാനുമായ കെ.പി.ജയരാജന്റെ ഓര്‍മയിലുണ്ട് കോളേജിലെ ഗ്ലാമര്‍താരമായ സുകുമാരന്‍ മാഷ്. 'ഹോം ലിങ്ക്സ്' ലോഡ്ജിലെ താമസക്കാരനായിരുന്ന അദ്ദേഹം മറ്റ് അധ്യാപകരോടൊപ്പം ടാക്‌സിയിലായിരുന്നു കോളേജില്‍ എത്തുക.

ഇളംകടുംനിറത്തിലുള്ള ചെക്ക് ഷര്‍ട്ടും പാന്റുമായിരുന്നു വേഷം. ഗ്ലാമര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഗ്ലാമര്‍ മാഷ്. ഇംഗ്ലീഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അറിയുന്നത് അദ്ദേഹം ക്ലാസെടുക്കുമ്പോഴായിരുന്നു. നല്ല ആവശ്യങ്ങള്‍ക്കുള്ള വിദ്യാര്‍ഥിസമരങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു.

കാലങ്ങള്‍ക്കുശേഷം ഒരു വിവാഹച്ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍ 'കണ്ടില്ലേ, എന്റെ കുട്ടികളെ' എന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറഞ്ഞത്.' 1972-ല്‍ കാസര്‍കോട്‌നിന്ന് തിരുവനന്തപുരത്തേക്ക് അധ്യാപകനായി പോയ സുകുമാരന്റെ ആദ്യ സിനിമ 'നിര്‍മാല്യം' 73-ലാണ് പുറത്തിറങ്ങിയത്. പിന്നീട് മലയാളസിനിമയിലെ തിരക്കുള്ള മുന്‍നിര നടനായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് സത്യന്‍.1912 നവംബര്‍ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യന്‍ ജനിച്ചത്.അക്കാലത്തെ ഉയര്‍ന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാന്‍ പരീക്ഷ പാസായതിനു  ശേഷം സത്യന്‍ സ്‌കൂള്‍ അദ്ധ്യാപകനായി സെ. ജോസഫ് സ്‌കൂളില്‍ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റില്‍ ജോലി കിട്ടീ.അവിടെ അദ്ദേഹം ഒരു വര്‍ഷത്തോളം ജോലി നോക്കി.അതിനു ശേഷം സത്യന്‍ 1941 ല്‍ പട്ടാളത്തില്‍ ചേര്‍ന്നു.
 
രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയില്‍ അംഗമായി സേവനമനുസരിച്ചിരുന്നു.പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറില്‍ പൊലീസ് ആയി ചേരുകയും ചെയ്തു.1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യന്‍ ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.അവിടെ അദ്ദേഹം നാടാര്‍ ഇന്‍സ്‌പെക്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 
 
അദ്ദേഹം പൊലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു.ഈ നാടകാഭിനയങ്ങള്‍ അദ്ദേഹത്തിന് അഭിനയത്തില്‍ കൂടുതല്‍ താല്പര്യമുണ്ടാക്കി.സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്ന സംഗീത സംവിധായകന്‍ വഴി പല സിനിമ പ്രവര്‍ത്തകരേയും സത്യന്‍ കണ്ടു.

പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല.അക്കാലത്ത് കെ. ബാലകൃഷ്ണന്‍ കൗമുദി എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ്, സത്യന്‍ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തില്‍ മതിപ്പുളവാക്കുകയും ചെയ്തു.ഇതിനെത്തുടര്‍ന്ന് 1951ല്‍ സത്യന് ത്യാഗസീമ എന്ന സിനിമയില്‍ അവസരം ലഭിച്ചു.അതിനുശേഷം സത്യന്‍ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.തന്റെ പേര്‍ ചുരുക്കി സത്യന്‍ എന്നാക്കുകയും ചെയ്തു.പക്ഷേ സത്യന്‍ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.
 
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്.ആത്മസഖി എന്ന പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു.പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ല്‍ ഇറങ്ങിയ നീലക്കുയില്‍ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തില്‍ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ.

സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ട്- പി.ഭാസ്‌കരന്‍ സഖ്യം ആയിരുന്നു. പി. ഭാസ്‌കരന്‍ രചിച്ച് കെ. രാഘവന്‍ സംഗീതം നല്‍കിയ ഈ സിനിമയിലെ ഗാനങ്ങള്‍ വളരെ പ്രശസ്തമായി.കേന്ദ്ര സര്‍ക്കാറിന്റെ രജത കമലം അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയില്‍. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി. 
 
സത്യന്‍ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവന്‍, എ. വിന്‍സെന്റ്, രാമു കാര്യാട്ട് എന്നിവര്‍ അവരില്‍ ചിലരാണ്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യന്‍ അഭിനയിച്ച ഒരു പാട് വേഷങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അക്കാലത്ത് പ്രശസ്തമായി. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജന്‍, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.വളരെ പ്രശസ്തമായ മറ്റു ചില സത്യന്‍ ചിത്രങ്ങള്‍ സ്‌നേഹസീമ, നായര്‍ പിടിച്ച പുലിവാല്‍, മുടിയനായ പുത്രന്‍, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകള്‍, കരകാണാകടല്‍ എന്നിവയാണ്. 

മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീന്‍ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തില്‍ സത്യന്‍ 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.കൂടാതെ 2 ചിത്രങ്ങള്‍ തമിഴിലും അഭിനയിച്ചു.

1969 ല്‍ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.അതിനു ശേഷം 1971 ല്‍ കരകാണാക്കടല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാര്‍ഡ് ലഭിച്ചു.രക്താര്‍ബുദത്തെ തുടര്‍ന്ന് 1971 ജൂണ്‍ 15-ന് അന്തരിച്ചു.

ചെന്നൈ കോടാമ്പക്കത്തെ ഒരു വൈകുന്നേരം- തരിമ്പും തലകുനിക്കാതെ ഓര്‍മകള്‍ ഇരമ്പുകയാണ്. കോടാമ്പക്കം മേല്‍പ്പാലത്തിനു കീഴിലെ ചായക്കടയിലെ സംസാരം യാദൃച്ഛികമായി ഷോളാവാരത്തേയ്ക്കും വര്‍ഷങ്ങള്‍ക്കുമുന്‍പ് അവിടെ നടന്ന ഹെലികോപ്റ്റര്‍ അപകടത്തിലേക്കും പറന്നിറങ്ങിയപ്പോള്‍ സമോവറിനോട് ചേര്‍ന്നുനിന്ന ചായ അടിച്ചുകൊണ്ടിരുന്ന കടക്കാരന്റെ മുഖം മങ്ങി. അനിഷ്ടത്തിന്റെ നീറിന്‍കൂടു തട്ടികുടഞ്ഞ് അയാള്‍ ചായകൊണ്ടുവച്ചു. അനുവാദം കൂടാതെ വര്‍ത്തമാനത്തിലേക്ക് ഇടിച്ചുകയറി...

''ശപിക്കപ്പെട്ട ആ ദിനം''ജയന്‍ ആരാധകനായ ചായക്കടക്കാരന്റെ വാക്കുകള്‍ തിളച്ചു തൂകി. കോടാമ്പക്കത്തെ തലനരച്ച ആ ചായക്കടക്കാരന്‍ മാത്രമല്ല, ജയനെ നെഞ്ചിലേറ്റിയവര്‍ക്കെല്ലാം 'നവംബര്‍ 16' ശപിക്കപ്പെട്ടതാണ്. മറവി മായ്ക്കാത്ത ദുരന്തദിനം.

ജയന്റെ മരണത്തെ ചൊല്ലി അന്നും ഇന്നും കഥകളും ദുരൂഹതകളും ഏറെ പടരുന്നുണ്ടെങ്കിലും, ആ ജീവിതം ഒരു വരിപോലും വിവരിക്കാനില്ലാത്തവിധം പലരും പലതവണ എഴുതിയും പറഞ്ഞും തീര്‍ത്തു.

കാലം കടന്ന്, തലമുറകള്‍ മറിഞ്ഞ് ജയന്‍ ഇന്നും ജീവിക്കുന്നു വേര്‍പാടിന്റെ നാല്‍പത്തിനാലാം വര്‍ഷത്തിലും മലയാളി അദ്ദേഹത്തെ ഓര്‍മിക്കുന്നു. അനുസ്മരണങ്ങളുമായി ഒത്തുചേരുന്നു.

കൊല്ലം ചിന്നക്കടയില്‍ പൊന്നച്ചം വീട്ടിലെ കൃഷ്ണന്‍ നായര്‍ നേവി ഉദ്യോഗം അവസാനിപ്പിച്ചാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ തീക്ഷണതയില്‍ നിന്ന് കലയുടെ അനശ്വരതയിലേക്ക് അദ്ദേഹം നടന്നുകയറി. നാടകവും അഭിനയവും മനസ്സില്‍ കൊണ്ടുനടന്നവന് സിനിമ വിദൂരതയില്‍ മിന്നുന്ന താരമായിരുന്നു. സുഹൃത്തുക്കളുടെ കൈത്താങ്ങിലൂടെ അവന്‍ സ്വപ്നപാതയിലേക്ക് ഇരച്ചെത്തുകയായിരുന്നു.

നടന്‍ ജോസ് പ്രകാശിന്റെ മകന്‍ രാജനുമായുള്ള അടുപ്പമാണ് സിനിമയിലേക്കുള്ള വഴി വേഗത്തിലാക്കിയത്. രാജന്റെ കടയിലെ നിത്യ സന്ദര്‍ശകനായ കൃഷ്ണന്‍നായരെ രാജന്‍ അച്ഛന് പരിചയപ്പെടുത്തി. ജോസ്പ്രകാശുമായി ചങ്ങാത്തത്തിലായ കൃഷ്ണന്‍ നായര്‍ക്ക് അദ്ദേഹം വഴി സംവിധായകന്‍ ജേസിയുടെ 'ശാപമോക്ഷം' സിനിമയിലേക്കുള്ള അവസരം ലഭിച്ചു. വിവാഹവേദിയിലെ ഗായകന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയില്‍ സജീവമാകാന്‍ തുടങ്ങിയ കൃഷ്ണന്‍നായര്‍ക്ക് സംവിധായകന്‍ ജേസിയുടെ സമ്മതത്തോടെ ജയന്‍ എന്ന പുതുപേര് സമ്മാനിച്ചത് ജോസ് പ്രകാശാണെന്നത് പലതവണ കേട്ടുകഴിഞ്ഞ ചരിത്രം.

ശാപമോക്ഷം യഥാര്‍ഥത്തില്‍ ചെറുവേഷങ്ങളില്‍ നിന്നുള്ള മോക്ഷമായി. ഉമ്മറും ഷീലയും ജോസ്പ്രകാശുമെല്ലാം ഇരിക്കുന്ന വേദിയില്‍ ഗായകനായെത്തിയ വേഷവും 'ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക വിളക്കുകള്‍ കൊളുത്തികണ്ണുകള്‍...' എന്ന ഗാനവും ഏറെക്കാലം ആരാധകരുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നു. ശരീരഭാഷതന്നെയായിരുന്നു തുടക്കത്തില്‍ ജയനെ വേറിട്ടുനിര്‍ത്തിയത്. ഒന്നോ രണ്ടോ സീനുകളിലാണ് വന്നുപോകുന്നതെങ്കിലും ജയന്‍ കഥാപാത്രങ്ങള്‍ മനസ്സില്‍ തറച്ചുകിടന്നു. ചെറുവേഷത്തിലെങ്കിലും എ.ബി.രാജിന്റെ സിനിമകളില്‍ അക്കാലത്തെല്ലാം ജയന്‍ പലതവണ വന്നുപോയി. കുഞ്ചാക്കോ, പ്രേംനസീര്‍ ചിത്രങ്ങളുടേയും ജേസി, കമല്‍ഹാസന്‍ സിനിമകളുടേയും ഭാഗമായി മുന്നോട്ടുകുതിച്ചു.

1976 ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ ചിത്രം 'പഞ്ചമി' ജയനു വഴിത്തിരിവായി. പഞ്ചമിയിലെ വില്ലന്‍ ഫോറസ്റ്റ് ഓഫീസറുടെ മുഖം ആഴത്തില്‍ പതിഞ്ഞു. ജയഭാരതിയെ കയറിപ്പിടിക്കാന്‍ വരുന്ന ജയന്റെ മുഖം സിനിമകണ്ടിറിങ്ങിയവരിലെല്ലാം ഞെട്ടലോടെയാണ് ഓര്‍ത്തത്. പഞ്ചമിയിലെ ജോണ്‍സണ്‍ എന്ന കൊടുംവില്ലന്റെ വേഷം ഉമ്മറിനുവേണ്ടി പറഞ്ഞുവച്ചതായിരുന്നു. അവസാന നിമിഷത്തില്‍ ഉമ്മറിന്റെ അസൗകര്യം ജയനു നറുക്കുവീഴ്ത്തുകയായിരുന്നു. ജയന്റെ അമ്മാവന്റെ മകളായ ജയഭാരതിയാണ് സംവിധായകനുമുന്നില്‍ ജയന്റെ പേരുവയ്ക്കുന്നത്. പഞ്ചമി പ്രദര്‍ശനത്തിനെത്തിയതോടെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ജയനുകൂട്ടുവന്നു.

പ്രേം നസീറിനൊത്ത് ജയന്‍ അഭിനയിച്ച ചിത്രങ്ങളിലധികവും ഹിറ്റ് ലിസ്റ്റില്‍ ഇടംനേടി. 'അമ്പടി ജിഞ്ചിന്നാക്കടിയെ...' എന്ന ഡയലോഗുമായി പ്രേംനസീറായി തിമര്‍ത്ത ശശികുമാറിന്റെ രതിമന്മഥനില്‍ മുറപ്പെണ്ണിനെ സ്വന്തമാക്കി അമ്മാവന്റെ സ്വത്തുകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന ശേഖരനായി ജയന്‍ നിറഞ്ഞു നിന്നു. ശശികുമാര്‍, ഐ.വി ശശി, ശ്രീകുമാരന്‍ തമ്പി, കെ.എസ്. സേതുമാധവന്‍ എന്നീ സംവിധായകരുമായെല്ലാം സഹകരിച്ച് ജയന്‍ സിനിമകള്‍ പ്രദര്‍ശനത്തിനെത്തി.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ ഒരുക്കിയ ശരപഞ്ചരം സിനിമയില്‍ വില്ലന്‍ കേന്ദ്രകഥാപാത്രം ജയന് പുതിയൊരു മുഖം സമ്മാനിച്ചു. കുതിരക്കാരനായി വന്ന് കുടുംബക്കാരനായി മാറിയ ജയന്റെ പ്രകടനം തന്നെയായിരുന്നു ശരപഞ്ചരത്തിന്റെ നട്ടെല്ല്. കുതിരയെ എണ്ണ തേച്ചുപിടിപ്പിക്കുന്ന ചിത്രത്തിലെ രംഗം അന്നും ഇന്നും പ്രേക്ഷകരില്‍ ഹരം നിരക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സും ഷീലയുടെ വെടിയേറ്റ് കൊക്കയിലേക്ക് വീഴുന്ന ചന്ദ്രശേഖരനെന്ന കഥാപാത്രത്തെ നെഞ്ചിടിപ്പോടെയാണ് കാണികള്‍ കണ്ടിരുന്നത്.

ജയന്‍ എന്ന നടനില്‍ നിന്നും ജയനെന്ന താരം പിറക്കുന്നത് ശരപഞ്ചരത്തിലൂടെയാണ്. കരുത്തുറ്റ വേഷങ്ങള്‍ ജയനെ വിശ്വസിച്ചേല്‍പ്പിക്കാമെന്ന ധൈര്യം അണിയറ പ്രവര്‍ത്തകരില്‍ ശരപഞ്ചരം ഉണ്ടാക്കികൊടുത്തു. വില്ലനായും സഹനടനായും നായകനായും പിന്നീടുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നയാരുന്നു. ശബ്ദഗാഭീര്യതയും സാഹസികരംഗങ്ങളോടുള്ള പ്രണയവും ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

പുലിക്കുട്ടിയെ തോളിലെടുക്കാനും മലമ്പാമ്പുമായി മല്‍പ്പിടുത്തം നടത്താനും ആനക്കൊപ്പില്‍ തൂങ്ങിയാടാനും ഗ്ലാസ് മതിലുകള്‍ തകര്‍ത്ത് ചീറിപ്പാഞ്ഞുവരാനും ഡ്യൂപ്പുകളെ ആവശ്യമില്ലാത്ത നടനായിരുന്നു ജയന്‍. തനിക്കു കിട്ടുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലമാകണം എന്ന ചിന്തയായിരുന്നു അതിനെല്ലാം പിറകില്‍.

നസീറിനൊപ്പം കൈകോര്‍ത്തും കൊമ്പുകോര്‍ത്തും ജയന്‍ പലരൂപത്തിലും ഭാവത്തിലുമായെത്തി. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം നിര്‍മാതാവിന്റെ കീശനിറച്ച ചിത്രങ്ങളുമായിരുന്നു. ശശികുമാറിന്റെ പിക്പോക്കറ്റില്‍ നസീറിന്റെ അച്ഛന്‍ വേഷത്തിലായിരുന്നു ജയന്‍. എന്നാല്‍ അഭിനയജീവിതത്തിന്റെ വളര്‍ച്ചയില്‍ ജയന്‍ കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ നസീര്‍ സഹനടനായി എത്തിയെന്നതും ചരിത്രം.

ജയന്റെ വളര്‍ച്ചയില്‍ നസീറിന്റെ കാര്യമായ ഇടപെടെലുണ്ടായിരുന്നെന്ന് അണിയറ പ്രവര്‍ത്തകരുടെ സാക്ഷ്യം. ചന്ദ്രഹാസം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, കരിപുരണ്ട ജീവിതങ്ങള്‍, പ്രഭു, ഇരുമ്പഴികള്‍, മാമാങ്കം, ലവ് ഇന്‍ സിംഗപ്പൂര്‍, തച്ചോളി അമ്പു ഇങ്ങനെ നീളുന്നു ആ നിര.

ജയന്റെ സാഹസികതയില്‍ തീയേറ്ററുകള്‍ ഇളകിമറിഞ്ഞു, അതിനിടയില്‍ ഇരട്ടവേഷങ്ങളിലും ജയന്‍ വെള്ളിത്തരയിലെത്തി. 'ആവേശം' സിനിമയില്‍ ഇരട്ടവേഷങ്ങള്‍ (ഗോപി, രവി) തമ്മില്‍ ഏറ്റമുട്ടുന്നരംഗം ആവേഷത്തോടെമാത്രമേ കാണാന്‍ കഴിയൂ. കൈവിരല്‍ കുത്തികീറി ജയന്‍ നടത്തുന്ന ശപഥവും മുതലയും കരടിയും പുലിയുമായെല്ലാം നടത്തുന്ന മല്‍പ്പിടുത്തവും ആവേശം സിനിമയുടെ ഹൈലേറ്റുകളായിരുന്നു. പാറക്കെട്ടും വെള്ളച്ചാട്ടവും നിറഞ്ഞ സ്ഥലത്തു ചിത്രീകരിച്ച ആവേശത്തിന്റെ ക്ലൈമാക്സ് രംഗവും സാഹസികതകള്‍കൊണ്ട് സമ്പന്നമാണ്.

പ്രേംനസീര്‍ മാത്രമല്ല മധുവും സുകുമാരനും കമല്‍ഹാസനുമെല്ലാം വിസ്മയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മുന്നേറുന്നകാലത്താണ് ജയന്റെ ഉയര്‍ച്ച. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ ഐ.വി ശശി ഒരുക്കിയ 'അങ്ങാടി' അക്കാലത്ത് ബോക്സ് ഓഫീസുകളെ ഇളക്കിമറിച്ചു. അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയും അയാളില്‍ നിന്നു പുറത്തുവരുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും തീയേറ്ററുകളില്‍ ഭൂകമ്പം തീര്‍ത്തു. ഐ.വി ശശി ജയന്‍ കോമ്പിനേഷനിലെത്തിയ കരിമ്പനയും മീനുമെല്ലാം ഇന്നും യുട്യൂബില്‍ കാഴ്ച്ചക്കാരേറെയുള്ള സിനിമകളാണ്.

ജയന്റെ പോലീസ് വേഷങ്ങള്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കുറ്റവാളികളോട് ക്രൂരമായി പെരുമാറുന്ന നിയമം നടത്താന്‍ നിയമം ലംഘിച്ചും മുന്നോട്ടുപോകുന്ന പോലീസ് ഓഫീസറെയാണ് 'നായാട്ടില്‍' കാണുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ജയന്‍ ചിത്രം നായാട്ടില്‍ സഹതാരാമായാണ് പ്രേംനസീര്‍ പ്രത്യക്ഷപ്പെട്ടത്. കഥയില്‍ പ്രേംനസീറിന് പ്രാധാന്യമുള്ള രംഗങ്ങളേറെ നല്‍കുന്നുണ്ടെങ്കിലും നായകന്‍ ജയന്‍ തന്നെയായിരുന്നു. പോലീസ് ഉദ്യോഗം നഷ്ടപ്പെട്ടശേഷവും സമൂഹത്തിലെ ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന കരുത്താര്‍ന്ന വ്യക്തിയായി നായാട്ടിലെ നായകന്‍ മാറി.

കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം കണ്ട നടനായിരുന്നു ജയന്‍. വേഷങ്ങളുടെ ഇമേജ് വ്യക്തി ജീവിതത്തിലോ താരപകിട്ടിനേയോ സ്വാധീനിക്കില്ലെന്ന വിശ്വാസം വച്ചുപുലര്‍ത്തി. നായകനായി നില്‍ക്കുമ്പോള്‍ തന്നെ നരവധി പരുക്കന്‍ വേഷങ്ങള്‍ സ്വീകരിച്ചു. പ്രണയപരവശയായി തന്നെ സമീപിക്കുന്ന നായികയോട് സ്നേഹം എന്നൊരു വികാരമുണ്ടോയെന്ന് സംശയത്തോടെ ചോദിക്കുന്നവനാണ് കാന്തവലയത്തിലെ കേന്ദ്രകഥാപാത്രം.

നിരവധി പെണ്‍കുട്ടികളെ വഴിപിഴപ്പിച്ചവനാണ് ഞാനെന്ന് ഉദ്ഘോഷിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ ഒരു മടിയും കൂടാതെ ജയന്‍ സ്വീകരിച്ചു. പെങ്ങളുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ഒരുമ്പട്ടിറങ്ങുന്ന ജോഷിയുടെ മൂര്‍ഖന്‍, കറുത്തിരുണ്ട് വസൂരിക്കലവീണ മുഖവുമായി തമിഴ് മലയാളം സംസാരിക്കുന്ന ജംബുലിംഗം, കണ്ണപ്പനുണ്ണിയിലെ ഇളവന്നൂര്‍ ഇടുമ്പന്‍, അങ്ങിനെ ഓര്‍മ്മയിലേക്ക് ഇരച്ചുകയറുന്ന ജയന്‍ കഥാപാത്രങ്ങള്‍ ഏറെ. മലയാളത്തിലെ അന്നത്തെ ഒട്ടുമിക്ക പ്രധാന നായികമാരും ജയന്‍ ചിത്രങ്ങളുടെ ഭാഗമായി, സീമയാണ് ഏറ്റവും കൂടുതല്‍ ജയന്റെ നായികയായി വേഷമിട്ടത്. ദീപം എന്ന ചിത്രത്തില്‍ സീമയുടെ മകന്റെ വേഷത്തിലും ജയന്‍ അഭിനയിച്ചിട്ടുണ്ട്.

ജയനും ജയഭാരതിയും ഒന്നിക്കുന്ന സിനിമകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കടത്തനാട്ടുമാക്കവും അറിയപ്പെടാത്ത രഹസ്യവും കരിപുരണ്ട ജീവിതങ്ങളും പുതിയവെളിച്ചവും അഗ്നിശരവുമെല്ലാം ആഘോഷിക്കപ്പെട്ടവയില്‍ ചിലതുമാത്രം. ജയന്റെ ആദ്യനായിക നന്ദിതാബോസും അവസാന നായിക സുമലതയുമായിരുന്നു.

മദിരാശിയിലെ ഷോളാവാരത്ത് ജയന്‍ അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ കേരളക്കരയിലെ ഓലക്കൊട്ടകകളിലും കോണ്‍ക്രീറ്റ് തീയേറ്ററുകളിലും അദ്ദേഹത്തിന്റെ സിനിമകളായ ദീപവും അന്തപ്പുരവും നിറഞ്ഞോടുകയായിരുന്നു. സിനിമയ്ക്കിടയില്‍ പെട്ടെന്ന് വെളളിത്തിരയില്‍ തെളിഞ്ഞ അറിയിപ്പ് അന്ന് പ്രേക്ഷകരെ നടുക്കി. അലറിവിളിച്ചുകൊണ്ടാണ് പലരും തീയേറ്ററിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങിയത്.

കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ജയന്‍ അന്തരിച്ചു എന്ന വാര്‍ത്തയാണ് ബിഗ് സ്‌ക്രീനില്‍ എഴുതികാണിച്ചിരുന്നത്. കോളിക്കത്തോടെ മറഞ്ഞെങ്കിലും, മരണശേഷവും പത്തോളം ജയന്‍ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. 

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനാണ് പ്രേം നസീര്‍.തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16-ന് ജനിച്ചു.വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌കൂള്‍, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെര്‍ക്കുമാന്‍സ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളില്‍ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീര്‍ന്നിരുന്നു. 

എക്‌സെല്‍ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബര്‍ 26 നു ക്യാമറക്കു മുന്നില്‍ വന്നു.1952ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉദയ, മേരിലാന്‍ഡ് സ്റ്റുഡിയോകള്‍ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.പിന്നീട് ജനകീയ നായകനിലേക്കുള്ള വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന്‍ കുഞ്ചാക്കോ ആണ് പ്രേം നസീര്‍ എന്നാക്കിയത്. പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി.എന്നാല്‍ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്‌നേഹജാന്‍ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തില്‍ മാത്രമാണ് ഉപയോഗിച്ചത്.

672 മലയാളചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളില്‍ പ്രണയ ജോഡികളായി അഭിനയിച്ചു.ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്. 1978-ല്‍ 41ലും 1979-ല്‍ 39ലും നായകവേഷം അവതരിപ്പിച്ചു.781 ചിത്രങ്ങളില്‍ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു.ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹത്തിനാണ്.

1980 ല്‍ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍മോര്‍മന്‍സ് അവാര്‍ഡ് ലഭിച്ചു.ആ സമയത്തു രണ്ടുപേര്‍ ഒരുപോലെ മികച്ച നടന്റെ പട്ടികയില്‍ വന്നപ്പോള്‍ ആണ് പ്രേം നസീറിന് പ്രഥമ ഒട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചത്.

അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേം നസീര്‍ പുരസ്‌കാരം 1992-ല്‍ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കി. സര്‍വ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡ് അദ്ദേഹത്തിന് 1981-ല്‍ നല്‍കി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടന്‍-ഗായക ജോഡിയായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള സംഗീതങ്ങള്‍ മലയാള സിനിമാചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്നു. 1990 ല്‍ പുറത്തിറങ്ങിയ കടത്തനാടന്‍ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം.

അദ്ദേഹത്തിന്റെ മകന്‍ ഷാനവാസും മലയാള സിനിമാ നടനാണ്.ഷാനവാസ് ഉള്‍പ്പെടെ നാല് മക്കളാണുള്ളത്.നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച (അന്തരിച്ച) പ്രേം നവാസ് സഹോദരനാണ്.1989 ജനുവരി 16-ന് 62-ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

 

sureshgopi actor mammootty jayaram actor mohanlal