/kalakaumudi/media/media_files/2025/10/01/mamm-2025-10-01-18-38-11.jpg)
ഹൈദരാബാദ്: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയായിരുന്ന അടുത്തിടെ താരത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫ് പങ്കുവച്ച ചിത്രം. 'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി!,' എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കിട്ട് ജോര്‍ജ് അന്ന് കുറിച്ചത്.
ചികിത്സാര്‍ത്ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. മമ്മൂക്കയെ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതിന്റെ ആവേശത്തിലാണ് ആരാധകരിപ്പോള്‍. സിനിമാ ചിത്രീകരണത്തിനായി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ട മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'പാട്രിയറ്റിന്റെ' ഷൂട്ടിനായി ഹൈദരാബാദിലെ ലൊക്കേഷനിലെത്തിയ മമ്മൂട്ടി തന്നെ ഓര്‍ത്തവരോടും പ്രാര്‍ത്ഥിച്ചവരോടും നന്ദി പറഞ്ഞു.
'എല്ലാം ഞാന്‍ അറിയുന്നുണ്ട്, പറയാന്‍ ബുദ്ധിമുട്ടെണ്ട, മനസിലായി. പ്രാര്‍ത്ഥനകള്‍ക്ക് എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയല്ലേ... ഫലം കിട്ടും, ഓര്‍ത്തവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും നന്ദി' എന്നാണ് ലൊക്കേഷനില്‍ കാത്തുനിന്ന മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി സിനിമയിലേയ്ക്ക് തിരികെ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഈ ബിഗ് ബജറ്റിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകരും. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ സിനിമയിലൂടെ വീണ്ടും താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നത്. ഇതിനു മുമ്പ് ട്വന്റി20 എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ശ്രീലങ്കയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രീലങ്കയ്ക്ക് പുറമെ അബുദാബി, ലണ്ടന്‍, തായ്‌ലന്‍ഡ്, അസര്‍ബൈജാന്‍, ഹൈദരാബാദ്, ദില്ലി, വിശാഖപട്ടണം എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു.ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. കോ പ്രൊഡ്യൂസര്‍മാര്‍ - സി.ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.