/kalakaumudi/media/media_files/2025/08/20/mamm-2025-08-20-09-33-38.jpg)
കൊച്ചി: മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നുവെന്ന സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിട്ടത് കഴിഞ്ഞ ദിവമായിരുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', ഇതായിരുന്നു എഫ്.ബി കുറിപ്പ്
നിമിഷനേരംകൊണ്ട് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഇക്ക തിരിച്ചുവരുന്നുവെന്ന തരത്തിലാണ് പോസ്റ്റിന് കീഴിലെ കമന്റുകള്‍ മുഴുവന്‍. ജൂഡ് ആന്തണി ജോസഫ്, മാലാ പാര്‍വതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്.
പിന്നാലെ നടന്‍ മോഹന്‍ലാലും മമ്മൂട്ടിക്ക് ആസംസകളുമായെത്തി. ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തില്‍ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്‌കാനുള്‍പ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമാണ്. ഇന്നലെ എന്‍ഡോസ്‌കോപ്പി ഫലംകൂടി വന്നതോടെ എല്ലാം ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വന്‍കുടല്‍ അവസാനിക്കുന്ന ഭാഗത്താണ് രോഗ ലക്ഷണം കണ്ടത്. വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കാനായത് രോഗം ഭേദമാകാന്‍ എളുപ്പമായി. ചെന്നൈയിലെ വസതിയിലുള്ള മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാര്‍ത്ത നടി മാലാ പാര്‍വതിയും നിര്‍മാതാവ് എസ്. ജോര്‍ജ് അടക്കമുള്ളവരും പങ്കുവെച്ചിട്ടുണ്ട്. 'ഇതില്‍ കൂടുതല്‍ ഒരു നല്ല വര്‍ത്തമാനം ഇല്ല. മമ്മൂക്ക പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ശ്രുശൂഷിച്ച എല്ലാവവര്‍ക്കും, ആശുപത്രിയോടും കടപ്പാട്', മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന 'കളങ്കാവല്‍' ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. വിനായകനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.