/kalakaumudi/media/media_files/2025/09/27/drishyam-2025-09-27-11-00-12.webp)
മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയത് .പുരസ്‌കാരം സ്വീകരിച്ചതിനുശേഷം അദ്ദേഹം നേരെ പോയത് ദൃശ്യം -3 യുടെ സെറ്റിൽ ജോയിൻ ചെയ്യുന്നതിനുവേണ്ടിയാണ് .
ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് മോഹൻലാലിനെ ആദരിക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ റാണിയെ അവതരിപ്പിക്കുന്ന നടി മീന .ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .മോഹൻലാൽ കേക്ക് മുറിക്കുന്നതും മീന അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നതും താരം മീനയെ ആലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് .
മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്‌തർ അനിൽ തുടങ്ങിയവരെയെല്ലാം 'ദൃശ്യ'ത്തിലെ കഥാപാത്രങ്ങളുടെ ലുക്കിലാണ് ആഘോഷ ചിത്രത്തിൽ കാണാനാവുക. ഇവരെ കൂടാതെ സംവിധായകൻ ജീത്തു ജോസഫ്, ഇർഷാദ് അലി, സിദ്ധു പനയ്‌ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം ചെറിയ ഒരു കുറിപ്പും മീന ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിനെ ഓർത്ത് തനിക്ക് അഭിമാനം ഉണ്ടെന്നും അദ്ദേഹത്തെ സഹതാരം എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണെന്നുമാണ് മീന പറയുന്നത്. മോഹൻലാലിനെ സുഹൃത്തെന്ന് വിളിക്കുന്നത് ഒരു അനുഗ്രഹമാണെന്നും മീന കുറിച്ചു.
"ലാലേട്ടനെ സഹതാരം എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണ്. പക്ഷേ അദ്ദേഹത്തെ സുഹൃത്ത് എന്ന് വിളിക്കുന്നത് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തിൻറെ സമർപ്പണവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിൻറെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്" -ഇപ്രകാരമാണ് മീന കുറിച്ചത്.
അടുത്തിടെയാണ് 'ദൃശ്യം 3'യുടെ ചിത്രീകരണം ആരംഭിച്ചത്. 'ദൃശ്യം 3' നല്ലൊരു സിനിമയാണെന്നും അമിത പ്രതീക്ഷ വേണ്ടെന്നും സിനിമയുടെ പൂജ ചടങ്ങിനിടെ ജീത്തു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'ദൃശ്യം 3' എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന് പറയാനാകില്ലെന്നും ചിത്രീകരണം തീരുന്നത് പോലെയായിരിക്കും റിലീസ് തീയതിയെന്നും അതൊക്കെ നിർമ്മാതാവാണ് തീരുമാനിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.
"ജോർജ് കുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുക. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, എന്നൊക്കെയാണ് 'ദൃശ്യം 3'യിലൂടെ പറയുന്നത്. ദൃശ്യം മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളിൽ നിൽക്കാൻ വേണ്ടി ചെയ്യുന്ന സിനിമ അല്ലിത്. നാലര വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയുടെ വീട്ടിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. ആ ആകാംക്ഷിൽ സിനിമ കാണാൻ വരാം. ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. ദൃശ്യം 3 രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നു. അത് ജോർജ് കുട്ടിയുടെ കുടുംബത്തിലെ കഥയാണ്. അവർ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്" -ദൃശ്യം 3യെ കുറിച്ച് ഇപ്രകാരമാണ് ജീത്തു ജോസഫ് പ്രതികരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
