അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര്‍; ജോയ് മാത്യുവിന്റെ പത്രിക തള്ളി

505 അംഗങ്ങളുള്ള താരസംഘടനയത്തില്‍ ഇത്രയും പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പ് എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ കടന്നു വരുമോ എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത

author-image
Biju
New Update
a3

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ മത്സരപ്പോര് കടുക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 93 പേര്‍ പത്രിക സമര്‍പ്പിച്ചതായാണ് വിവരം. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. നടന്‍ ജഗദീഷും ശ്വേത മേനോനുമടക്കം ആറ് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. ജഗദീഷ്, ശ്വേത മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥികള്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. അതേ സമയം ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്.

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്ക് ഇല്ല എന്ന മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും നടന്‍ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുശേഷം ആകും അന്തിമ ചിത്രം വ്യക്തമാക്കുക. മുന്‍പ് ഭരണസമിതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.

അതേസമയം ബാബുരാജ് ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരിക്കുക. അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച ജോയ് മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്. പേരുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് പത്രിക തള്ളാന്‍ കാരണം.

ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവര്‍ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാന്‍ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന്‍ നേരത്തെ പറഞ്ഞു. എന്നാല്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്ന് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പറഞ്ഞു. ''പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പുരുഷനും സ്ത്രീയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നടി അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നും ബെംഗളൂരില്‍ ഒരു സിനിമയുടെ ഷൂട്ടില്‍ ആയതിനാല്‍ ആരൊക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃത്മായി അറിയില്ല'' എന്നും ബാബുരാജ് പറഞ്ഞു.

''ഞാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ശ്വേത മേനോന്‍, ജഗദീഷേട്ടന്‍ തുടങ്ങിയവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. അന്‍സിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അമ്മയില്‍ നടക്കാന്‍ പോകുന്നത്. ഒരുപാടുപേര് ഇത്തവണ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്, നൂറ്റിപ്പത്തുപേരോളം നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ കുറച്ചു ദിവസമായി ബെംഗളൂരില്‍ ഒരു പടത്തിന്റെ ഷൂട്ടിങിലാണ് അതുകൊണ്ടു കൃത്യമായ കണക്ക് അറിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് കുറെനാളിനു ശേഷമാണ് മത്സരം വരുന്നത്. ഇത്തവണ ഒരു വനിതയും ഒരു പുരുഷനും തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോകുന്നത്. 

ഇതിനിടെ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ അംഗമായി നില്‍ക്കാനാണ് ആഗ്രഹമെന്നും പുതിയ താരങ്ങള്‍ നേതൃനിരയിലേക്ക് വരണമെന്നും ആസിഫ് അലി പറഞ്ഞു. ''അമ്മ എന്ന സംഘടന ആവശ്യമാണ്. കൂടുതലും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആളുകള്‍ ചോദ്യം ചെയ്തിട്ടുള്ളതും. പക്ഷേ സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഇത്രയും വര്‍ഷം അതില്‍ നിന്നൊരാളെന്ന നിലയില്‍ എനിക്കത് അറിയാം. സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളുകള്‍ വരേണ്ട ആവശ്യമുണ്ട്. അതിന് അനുയോജ്യരായിട്ടുള്ളവര്‍ വരണം. സംഘടനയുടെ തലപ്പത്തേക്ക് വരാന്‍ ഞാന്‍ അനുയോജ്യനല്ല. എന്റെ ആശയവിനിമയം വളരെ മോശമാണ്. ഞാന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആളാണ്. ഒരു സംഘടനയില്‍ നില്‍ക്കുമ്പോള്‍ കുറച്ചുകൂടി മര്യാദയുള്ള ആളാണ് വേണ്ടത്'' എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകള്‍.

505 അംഗങ്ങളുള്ള താരസംഘടനയത്തില്‍ ഇത്രയും പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പ് എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ കടന്നു വരുമോ എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ശ്വേതാ മേനോന് എതിരായി മത്സരിക്കുന്ന നടന്‍ ജഗദീഷും ഏറെ ജനപ്രീതിയുള്ള താരമാണ്. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും. അടുത്ത മാസം 15 നാണ് 'അമ്മ'യില്‍ വോട്ടെടുപ്പ് നടക്കുക. അന്നേദിവസം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.

പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. ഇന്നസന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മോഹന്‍ലാല്‍ കഴിഞ്ഞ മൂന്നു തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹേമ കമ്മറ്റി വിവാദത്തോടെ മോഹന്‍ലാല്‍ രാജിവച്ചതും ഇനി പ്രസിഡന്റ് സ്ഥാനത്തേക്കില്ല എന്ന് പ്രഖ്യാപിച്ചതും 'അമ്മ'യില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ഇതോടെയാണ് പഴയ കമ്മറ്റി പിരിച്ചുവിടാനും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനും കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തീരുമാനമുണ്ടായത്. 

Amma mohanlal