തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'കൊണ്ടൽ' എന്ന ചിത്രത്തിലെ പുത്തൻ പ്രോമോ ഗാനം പുറത്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും കൂടിയാണ് ഈ പ്രോമോ ഗാനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. 'മച്ചാ നീ സൂപ്പർ' എന്ന വരികളോടെ തുടങ്ങുന്ന ഈ അടിപൊളി ഗാനം രചിച്ചത് സൻഫീർ കെ ആണ്. സിയ ഉൾഹഖ്, ഷിബു സുകുമാരൻ, റിയാസ് പട്ടാമ്പി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിയാസ് പട്ടാമ്പി, ഷിബു സുകുമാരൻ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൽ, ചിത്രത്തിലെ ബിഹൈൻഡ് ദ സീൻസ് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ഷനും നൃത്തവും അതിന്റെ ചിത്രീകരണവും ഈ പ്രോമോ ഗാനത്തിന്റെ വീഡിയോയിൽ കാണാൻ സാധിക്കും.
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ ചിത്രം, യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും കയ്യടികളോടെയാണ് സ്വീകരിച്ചത്.
ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു, ശരത് സഭ, ഗൗതമി നായർ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ്. സംഗീതം- സാം സി എസ്, ഛായാഗ്രഹണം- ദീപക് ഡി മേനോൻ, എഡിറ്റർ- ശ്രീജിത്ത് സാരംഗ്.